കൊച്ചി: തെൻറ പുതിയ സിനിമയായ 'സാറാസി'നെതിരെ ക്രൈസ്തവ സംഘടനകളും ചില പുരോഹിതന്മാരും രംഗത്തുവന്നതിൽ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ് വീണ്ടും രംഗത്ത്. 'സാറാസ്' ഗർഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ഭ്രൂണഹത്യ കൊലപാതകമാണെന്നും സിനിമ നല്‍കുന്ന സന്ദേശം സമൂഹത്തെ വഴിതെറ്റിക്കുമെന്നുമാണ് യുവജന സംഘടനയായ കെ.സി.വൈ.എം അടക്കമുള്ള ക്രൈസ്തവ സംഘടനകളും ചില അച്ചന്മാരും രംഗത്തെത്തിയത്. ഈ പിഴവുകൾ നികത്തി സിനിമയുടെ രണ്ടാം ഭാഗം ഇറക്കുമെന്നും ഒരു പുരോഹിതൻ പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടി എന്നോണം ഫേസ്ബുക്കിൽ ഇട്ട കുറിപ്പിലാണ് ജൂഡ് രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. അച്ചന് സിനിമ പിടിക്കാൻ ആണെങ്കിൽ എത്രയോ നല്ല കഥകൾ കിട്ടുമെന്നും 99 ശതമാനം വരുന്ന നല്ല അച്ചന്മാരെ പറയിക്കാൻ ഉണ്ടായ പുഴുക്കുത്തുകളെ പറ്റി എത്ര ഭാഗങ്ങൾ വേണമെങ്കിലും എടുക്കാമല്ലോ എന്നുമാണ് ജൂഡ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സാറാസിെൻറ രണ്ടാം ഭാഗം എടുക്കാൻ ആഗ്രഹിക്കുന്ന അച്ചനോട്. ഒരു സിനിമയുടെ രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ എടുക്കണമെങ്കിൽ ആദ്യ ഭാഗത്തിെൻറ അണിയറപ്രവർത്തകരുടെ അനുവാദം വേണം. തെൻറ അനുവാദമില്ലാതെ വസ്ത്രത്തിൽ സ്പർശിച്ച ആളെ വരെ കണ്ടുപിടിച്ചയാളാ കർത്താവ്. ഇനി അതല്ല അച്ചന് സിനിമ പിടിക്കാൻ ആണേൽ എത്രയോ നല്ല കഥകൾ കിട്ടും. 99% വരുന്ന നല്ല അച്ചന്മാരെ പറയിക്കാൻ ഉണ്ടായ പുഴുക്കുത്തുകളെ പറ്റി എത്ര ഭാഗങ്ങൾ വേണമെങ്കിലും എടുക്കാമല്ലോ. അച്ചന് കർത്താവ് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ. സ്നേഹം മാത്രം, ജൂഡ്.
നേരത്തേ, സിനിമ ഇറങ്ങിയ ഉടൻ വിമർശനങ്ങൾ ഉയർന്നതോടെ 'സത്യക്രിസ്ത്യാനി എന്ന് കാണിക്കാന്‍ ഒന്നും ചെയ്യണ്ട. കര്‍ത്താവ് പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കി അതിലെ നന്മകള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മതി. എന്ന് കര്‍ത്താവില്‍ വിശ്വസിക്കുന്ന, അഭിമാനിക്കുന്ന ജൂഡ്' എന്ന് അദ്ദേഹം പോസ്റ്റ് ഇട്ടിരുന്നു. 'പ്രതിഷേധം ഉയരണം, ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ 'അച്ചന്മാരെ' ഉള്‍പ്പെടെ എതിര്‍ക്കണം. നവയുഗ മാധ്യമ എഴുത്തുകാരായ അച്ചന്മാര്‍ ശ്രദ്ധിക്കുമല്ലോ എന്നും ജൂഡ് ആൻറണി കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.