കൊച്ചി: പക്വതയെത്തുന്ന പ്രായം വരെ പെൺകുട്ടികൾക്ക് മൊബൈൽ ഫോണും ആൺകുട്ടികൾക്ക് ബൈക്കും വാങ്ങി നൽകരുതെന്ന് നടൻ സലിം കുമാർ. വനിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് സലിം കുമാർ നിലപാട് വ്യക്തമാക്കിയത്. ബൈക്കിന് വേണ്ടി മകൻ നിർബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിട്ടില്ല. ആൺകുട്ടികൾ ബൈക്കിൽ ചീറിപാഞ്ഞു പോയി അപകടമുണ്ടാകുന്നത് പലതവണ കണ്ടിട്ടുള്ള വ്യക്തിയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ ഇന്ന് ഭാര്യക്ക് ഒരു പനിവന്നാൽ കുടുംബത്തിന്‍റെ താളം തെറ്റും. അവരാണ് ഈ വീടിന്‍റെ തുടിപ്പ്. എന്‍റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളേ കുറിച്ചോ എനിക്കറിയില്ല. ഇപ്പോൾ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതു പോലും അവളാണ് വാങ്ങിത്തരുന്നത്.
രാഷ്ട്രിയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന്,അതിനു നല്ല അറിവു വേണം എന്നായിരുന്നു മറുപടി. അവിടെ പോയി ബഫൂണായി ഇരിക്കാൻ താൽപര്യമില്ല. സിനിമ നടൻ എന്നത് എം.എൽ.എ ആകാനുള്ള യോഗ്യതയല്ല. 'സലിം കുമാറില്ലാത്തത് കൊണ്ട് ഒരു സുഖവുമില്ല' എന്ന് നിയമസഭ പറയുന്ന സമയത്തു തീർച്ചയായും ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും.
സിനിമ കാണുന്നത് കുറവാണ്. അതെ സമയം ധാരാളം പുസ്തകം വായിക്കും. എസ്. ഹരീഷിന്‍റെ 'മീശ' അസാധ്യമായ അനുഭവമായിരുന്നു. വായിച്ച ഉടനെ ഹരീഷിനെ ഫോണിൽ വിളിച്ചു സംസാരിച്ചു. അത് വായനക്കാരൻ ചെയ്യേണ്ട കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.