ആലപ്പാട്ടെ കരിമണല്‍ ഖനനവിഷയം പ്രമേയമാക്കി ഡോ. സോഹൻ റോയ് സംവിധാനം ചെയ്ത 'ബ്ലാക്ക് സാന്‍ഡ്' എന്ന ഡോക്യുമെന്‍ററി ഓസ്‌കറിന്‍റെ ചുരുക്കപ്പട്ടികയില്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 114 ഡോക്യുമെന്‍ററികളുടെ പട്ടികയിലാണ് 'ബ്ലാക്ക് സാൻഡ്' ഉള്ളത്. കൊല്ലം ജില്ലയിലെ നീണ്ടകരയ്ക്കും ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിക്കും ഇടയിലുള്ള ആലപ്പാട്, പൊന്മന എന്നീ സ്ഥലങ്ങളിലും അതിന്‍റെ സമീപപ്രദേശങ്ങളിലും നടക്കുന്ന വിവാദ കരിമണല്‍ഖനനമാണ് ചിത്രത്തിന്‍റെ പ്രമേയം. കേരളത്തിലേയും കേന്ദ്രത്തിലേയും പൊതുമേഖല സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തുന്ന ഖനനത്തെ തുടര്‍ന്ന് 'സേവ് ആലപ്പാട്' എന്ന പേരില്‍ ആരംഭിച്ച പ്രക്ഷോഭം ദേശീയശ്രദ്ധ നേടിയിരുന്നു. ഈ വിവാദങ്ങളെയെല്ലാം സമഗ്രമായി പരാമർശിക്കുന്നതും ഈ മേഖലയിലെ ജനജീവിതത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം കാണിക്കുന്നതുമാണ് ഈ ലഘുചിത്രം.
ഖനനത്തിന്‍റെ ചരിത്രം, പ്രക്ഷോഭത്തിന്‍റെ നാള്‍വഴികള്‍, അതിലെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവിധ കാഴ്ചപ്പാടുകള്‍, ശാസ്ത്രീയ അപഗ്രഥനം എന്നിവ മുതല്‍ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിയ്ക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ വരെ ചിത്രം ചർച്ച ചെയ്യുന്നു. നിരവധി വിഡിയോകള്‍ ഈ വിഷയം സംബന്ധിച്ച് ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിലൊന്നും കാണാത്ത നിരവധി കാര്യങ്ങള്‍ ഇതിൽ ഉള്‍ക്കൊള്ളിയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സോഹൻ റോയ് പറയുന്നു. 'ഏതെങ്കിലുമൊരു വിഭാഗത്തിനൊപ്പം ചേരാതെ, ഈ വിവാദത്തിന്‍റെ പിന്നാമ്പുറങ്ങള്‍ സത്യസന്ധമായി ചിത്രീകരിച്ചതിനുള്ള അംഗീകാരമായി ഈ നേട്ടത്തെ കാണുന്നു. കരിമണൽ ഖനനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിഷയമായി മാറുമെന്നാണ് പ്രതീക്ഷ' - അദ്ദേഹം പറഞ്ഞു.
അഭിനി സോഹന്‍ റോയ് ആണ് നിർമാണം. ഗവേഷണം, തിരക്കഥ-ഹരികുമാര്‍, പശ്ചാത്തലസംഗീതം-ബിജുറാം, എഡിറ്റിങ്-ജോണ്‍സണ്‍ ഇരിങ്ങോള്‍, ക്യാമറ-ടിനു, പരിഭാഷ-നേഹ, മൃണാളിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.