ഇർഷാദും എം.​എ. നി​ഷാ​ദും

ദുബൈ മാൻ

സ്ട്രീറ്റ് ലൈറ്റിന്‍റെ വെട്ടത്തിൽ ചിത്രീകരണം

ഗൾഫിൽ ചിത്രീകരിച്ച മലയാളത്തിലെ ആദ്യ റോഡ് മൂവിയാണ് 'ടു മെൻ'. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലൊക്കെയായിരുന്നു ഷൂട്ടിങ്. യു.എ.ഇയിലെ അധികൃതരുടെയും സുഹൃത്തുക്കളുടെയുമൊക്കെ നിസ്സീമമായ സഹകരണം ഉണ്ടായിരുന്നത് കൊണ്ട് 25 ദിവസം പ്ലാൻ ചെയ്ത ഷൂട്ടിങ് 20 ദിവസം കൊണ്ട് തീർക്കാൻ കഴിഞ്ഞു. അൽ മദാം, താഹിൽ തുടങ്ങിയ മരുഭൂമികളിലായിരുന്നു ചിത്രീകരണം. സിംഗ്ൾ ലൈൻ ട്രാഫിക്കുള്ള മരുഭൂമിയിലൂടെ ഒരു രാത്രിയിലുള്ള രണ്ടുപേരുടെ കാർ യാത്രയാണ് ഈ സിനിമ. അബൂക്കയുടെയും ഇർഷാദ് അവതരിപ്പിക്കുന്ന സഞ്ജയ് മേനോന്‍റെയും. വൈകീട്ട് ആറുമണി കഴിയുമ്പോഴാണ് ഷൂട്ടിങ് തുടങ്ങുക. വെളുപ്പിനെ അഞ്ചുമണി വരെ അത് നീളും. സ്ട്രീറ്റ് ലൈറ്റിന്‍റെയും മറ്റും വെളിച്ചത്തിലാണ് സിദ്ധർഥ് രാമസ്വാമി വളരെ നാച്വറലായി ഞങ്ങളുടെ യാത്ര പകർത്തിയത്. ഇർഷാദ് ഇരിക്കുന്ന ഭാഗത്തെ ലൈറ്റ് സോഴ്സ് തെരുവുവിളക്കുകളും ഞാനിരിക്കുന്ന ഭാഗത്തിന്‍റേത് സ്പീഡോമീറ്ററിൽ നിന്നുള്ള വെട്ടവും ആയിരുന്നു. ലോ ലൈറ്റിൽ ചിത്രീകരിക്കാൻ കഴിയുന്ന സോണി വെനീസ് എന്ന അൾട്രാ മോഡേൺ കാമറ ഉൾപ്പെടെ സാങ്കേതികമായി മുന്നിൽ നിൽക്കുന്ന ഉപകരണങ്ങളാണ് ഷൂട്ടിങിന് ഉപയോഗിച്ചിരുന്നത്. ഇത്രയും മനസ്സിന് സന്തോഷം നൽകുകയും പോസിറ്റീവ് എനർജി പകരുകയും ചെയ്ത ഷൂട്ടിങ് ദിവസങ്ങൾ വേറെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഇനിയും അഭിനയിക്കാൻ ആഗ്രഹം തോന്നുന്നത്ര പിന്തുണയാണ് ഈ നഗരം നൽകിയത്.

ഇർഷാദുമായി 'ഇഞ്ചോടിഞ്ച് പോരാട്ടം'

ഞാൻ ഈ മേഖലയിലേക്ക് കൊണ്ടുവന്ന ഒരു തിരക്കഥാകൃത്ത് കോവിഡ് സമയത്ത് എന്നെയും സൗബിൻ ശാഹിറിനെയും വെച്ച് ഒരു സബ്ജക്ട് പറഞ്ഞു. മാർക്കറ്റ് ഇല്ലാത്തത് കൊണ്ടാകാം, പിന്നീട് എന്നെ ഒഴിവാക്കി കോമഡി റോളുകളൊക്കെ ചെയ്യുന്ന മറ്റൊരു സംവിധായകനെ അതിലേക്ക് കാസ്റ്റ് ചെയ്തു. അപ്പോഴാണ് മുമ്പ് എന്‍റെ സംവിധാന സഹായി ആയിരുന്ന കെ. സതീഷ് ഈ കഥ പറയുന്നത്. കേട്ടയുടൻ എനിക്കും ഇർഷാദിനും കഥ ഇഷ്ടമായി. 'ടു മെൻ' എന്ന പേര് ഞാനാണ് ഇട്ടത്. നിർമ്മാതാവ് മാനുവൽ ക്രൂസ് ഡാർവിന്‍റെ മകൻ ഡോണി ഡാർവിൻ ഇതിൽ അഭിനയിക്കുന്നുണ്ട്. മറ്റൊരു മകൻ ഡാനി ഡാർവിൻ ഇതിൽ അസോസിയേറ്റ് ക്യാമറമാനുമാണ്. രണ്ട് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഇർഷാദിലെ 'പഠിച്ച നടൻ' എന്നിലെ 'പടച്ച' നടനെ ഒരുപാട് സഹായിച്ചതുകൊണ്ട് ഓരോ സീനും അനായാസമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞു. സംവിധാന രംഗത്തുനിന്ന് അഭിനയത്തിലേക്ക് വന്ന ഞാനും നാടകങ്ങളിൽ നിന്നൊക്കെ വന്ന ഇർഷാദും തമ്മിലുള്ള 'കൊടുക്കൽ വാങ്ങൽ' മൂലം ഞങ്ങളുടെ കെമസ്ട്രി സിനിമയിൽ നന്നായി വന്നിട്ടുണ്ട്.

കമൽഹാസൻ സിനിമയിലൂടെ അരങ്ങേറ്റം

കമൽഹാസനും ജഗതിയും കൽപനയുമൊക്കെ അഭിനയിച്ച 'അന്തിവെയിലിലെ പൊന്ന്' എന്ന സിനിമയിൽ ബാലതാരമായി സ്വപ്നതുല്യമായ അരങ്ങേറ്റമായിരുന്നു നിഷാദിന്‍റേത്. മാര്‍ ഇവാനിയേസ് കോളേജ്, ടി.കെ.എം എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളില്‍ പഠിക്കുമ്പോഴും സിനിമയായിരുന്നു മനസ്സിൽ. അതുകൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപിടി ചിത്രങ്ങൾ മലയാള സിനിമക്ക് നൽകാനുമായി. സിനിമ നിർമ്മിച്ച് സംവിധാനം പഠിച്ചയാളാണ് നിഷാദെന്ന് പറയാം. 'ഒരാള്‍ മാത്രം', 'ഡ്രീംസ്', 'തില്ലാന തില്ലാന' എന്നീ ചിത്രങ്ങളാണ് നിർമ്മിച്ചത്. തമിഴടക്കം ഒമ്പത് സിനിമകൾ സംവിധാനം ചെയ്തു. കർഷകരുടെ പ്രശ്നങ്ങൾ പ്രമേയമായി 2006ല്‍ പ്രദര്‍ശനത്തിനെത്തിയ 'പകല്‍' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. 2007ല്‍ നഗരം തള്ളുന്ന മാലിന്യക്കൂമ്പാരത്തിന്‍റെ നടുവില്‍ ജീവിക്കേണ്ടി വരുന്ന ജനയുടെ കഥ പറയുന്ന 'നഗരം' തിരക്കഥയെഴുതി സംവിധാനം ചെയ്തു. 'ആയുധം', 'വൈരം', 'ബെസ്റ്റ് ഓഫ് ലക്ക്', 'നമ്പര്‍ 66 മധുര ബസ്', 'കിണര്‍' തുടങ്ങിയ സിനിമകളുടേയും സംവിധായകനാണ്. സുജിത് എസ്. നായർ സംവിധാനം ചെയ്ത 'ഒരു കൊറിയൻ പടം' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വീണ്ടുമെത്തുന്നത്. 'ഷീ ടാക്സി', 'ഒരേ മുഖം' എന്നിവയിലൊക്കെ അതിഥി താരമായും ഡോ. ബിജുവിന്‍റെ 'വലിയ ചിറകുള്ള പക്ഷികളി'ൽ സുപ്രീം കോടതി വക്കീലുമായുമൊക്കെ പിന്നീട് നിഷാദിനെ കണ്ടു. മധുപാലിന്‍റെ തിരക്കഥയിൽ സുജിത് തന്നെ സംവിധാനം ചെയ്ത 'വാക്ക്' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് ജൂറി പുരസ്കാരം ലഭിച്ചിരുന്നു. 'ലെസൺസ്' എന്ന ആന്തോളജിയിലെ 'ചൂളം', സോഹൻ സീനുലാൽ സംവിധാം ചെയ്യുന്ന 'ദി നെയിം' എന്നിവയിലൊക്കെ നിഷാദുണ്ട്. ഒരു വർഷത്തിനിടെ ചിത്രീകരണം നടക്കുന്ന ഏഴോളം സിനിമകളിലേക്ക് കരാറായിട്ടുമുണ്ട്. 'കിണറി'ന് മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. അഞ്ച് ഫിലിം ക്രിട്ടിക്സ് അവാർഡ്, ജെ.സി. ദാനിയേൽ ഫൗണ്ടേഷൻ അവാർഡ്, ഫൊക്കാന അവാർഡ്, യു.എ.ഇ എൻ.ആർ.ഐ വെൽഫെയർ കമ്മിറ്റി അവാർഡ്, സിങ്കപ്പുർ മലയാളി അസോസിയേഷൻ അവാർഡ് തുടങ്ങിയവ നിഷാദിനെ തേടിയെത്തിയിട്ടുണ്ട്.

'അയ്യര് കണ്ട ദുബൈ'യുമായി വരും

ഇത്രയും സിനിമകളിൽ അഭിനയിച്ചെങ്കിലും സംവിധാനമാണ് തന്‍റെ പ്രിയപ്പെട്ട മേഖലയെന്ന് നിഷാദ് പറയുന്നു. 'സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾ എടുത്തയാളെന്ന നിലക്ക്കൊമഴ്സ്യൽ ഹിറ്റുള്ള രണ്ടോ മൂന്നോ സിനിമയേ എന്‍റെ പേരിലുള്ളൂ. 'വൈരം', 'ആയുധം' പോലുള്ളവ. ഇപ്പോൾ കാലം മാറി. കാലാനുസൃതമായ മാറ്റം നമ്മൾ ഉൾക്കൊള്ളണം. അതുകൊണ്ടാണ് സംവിധാനത്തിന് ബ്രേക്ക് ഇട്ടത്. ഇനി ചെയ്യാൻ പോകുന്നത് പക്കാ കൊമേഴ്സ്യൽ ആകണമെന്നുണ്ട്. അതേസമയം, എന്തെങ്കിലുമൊക്കെ സമൂഹത്തോട് സംവദിക്കാനുള്ള കഥകളും ആയിരിക്കും. ദുബൈ പശ്ചാത്തലത്തിൽ 'അയ്യര് കണ്ട ദുബൈ' എന്ന സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. സംവിധാനം ചെയ്യാൻ നാല് പ്രോജക്ടുകൾക്ക് സ്ക്രിപ്റ്റ് റെഡിയാണ്. അതിൽ 'രണ്ടാം പകുതി' എന്ന സിനിമയിൽ അഭിനയിക്കുന്നുമുണ്ട്. ഒരു വർഷത്തിനുള്ളിൽ രണ്ട് സിനിമ സംവിധാനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ' -സംവിധാനം ഒരിക്കലും വിടില്ലെന്ന് നിഷാദ് വ്യക്തമാക്കുന്നു.

'അഭിനയം മാറി ഇപ്പോൾ ബിഹേവിങ് ആയി. അതുകൊണ്ട് നല്ല ക്യാരക്ടർ വന്നാൽ ചെയ്യാം എന്ന ആത്മവിശ്വാസമുണ്ട്. അഭിനയത്തെ ഞാൻ പ്രഫഷനായി കാണുന്നില്ല. പക്ഷേ, അഭിനയിക്കാൻ അവസരം കിട്ടിയാൽ വിടില്ല. സംവിധാനവും അഭിനയവും നല്ല തയ്യാറെടുപ്പ് ആവശ്യമായ കാര്യങ്ങളാണ്. രണ്ടിനും അതിന്‍റേതായ ബുദ്ധിമുട്ടുണ്ട്. എങ്കിലും എന്നെ സംബന്ധിച്ച് അഭിനയം തന്നെയാണ് കുറേകൂടി ശ്രമകരം. അതൊരു റിസ്കി ജോബ് ആണ്. എന്തെങ്കിലും ചെയ്തിട്ട് പോകാൻ പറ്റില്ല' -നിഷാദ് പറയുന്നു.

നിലനിൽപ്പല്ല, നിലപാടാണ് വലുത്

സമൂഹ മാധ്യമങ്ങളിലും നിഷാദ് സജീവമാണ്. സിനിമ പ്രവർത്തകരെ കുറിച്ചുള്ള നിഷാദിന്‍റെ പല കമന്‍റുകളും വിവാദങ്ങളുമായിട്ടുണ്ട്. 'ഞാൻ അപ്പോൾ പറയേണ്ട കാര്യം അപ്പോൾ തന്നെ പറയാനിഷ്ടപ്പെടുന്നയാളാണ്. മനഃസാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് വേണമല്ലോ പറയാൻ. നാളയെ കുറിച്ചുള്ള വ്യാകുലതകൾ ഉള്ളതുകൊണ്ട് പലരും തന്ത്രപരമായിട്ടാണ് പല കാര്യങ്ങളെയും സമീപിക്കുന്നത്. എന്നെ സംബന്ധിച്ച് അങ്ങിനെയൊരു ഭയമില്ല. പറയാനുള്ളത് നിർഭയം പറയുക തന്നെ ചെയ്യും. അപ്പോൾ സ്വാഭാവികമായും പലർക്കും അനിഷ്ടവും അസഹിഷ്ണുതയുമൊക്കെ തോന്നും. ഞാൻ വളരെ സെക്യുലർ ആണ്. ഫാഷിസ്റ്റ് ചിന്തക്കൊപ്പം സഞ്ചരിക്കുന്നവരോടും വർഗീയതയെ അനുകൂലിക്കുന്നവരോടും എന്നും കലഹിച്ചിട്ടുണ്ട്. സിനിമരംഗത്തെ ചില ദുഷിച്ച പ്രവണതകൾക്കെതിരെയും വിരൽ ചൂണ്ടി ശക്തമായി പോരാടിയിട്ടുണ്ട്. അതിനിയും തുടരും. എന്നെ സംബന്ധിച്ച് നിലനിൽപ്പല്ല, നിലപാടാണ് വലുത്' -നിഷാദ് പറയുന്നു. 

Tags:    
News Summary - Dubai Man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.