'ദുൽഖർ...ഞാൻ നിങ്ങളെ വെറുക്കുന്നു'; സീതാരാമം കണ്ട് തെലുങ്ക് നടൻ സായ് ധരം തേജ്

ദുൽഖർ സൽമാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്കു ചിത്രം 'സീതാരാമം' മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. മനോഹര പ്രണയകഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖറിന്‍റെയും മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന തുടങ്ങി മറ്റ് താരങ്ങളുടെയും പ്രകടനത്തിന് വ്യത്യസ്ത കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹവുമെത്തുന്നുണ്ട്. ഇപ്പോഴിതാ സീതാരാമം കണ്ട് തെലുങ്ക് താരം സായ് ധരം തേജ് നടത്തിയ പ്രതികരണം ചര്‍ച്ചയാവുകയാണ്.

ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് സായ് എഴുതിയ കത്താണ് ശ്രദ്ധേയമാകുന്നത്. "ദുല്‍ഖര്‍ സല്‍മാന്‍, നിങ്ങളുടെ പല സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ വര്‍ക്കിന്റെ വലിയ ആരാധകനാണ് ഞാന്‍. എന്നാല്‍ ഒരു അഭിനേതാവെന്ന നിലയില്‍ നിങ്ങളെ അത്ഭുതത്തോടെ കാണേണ്ടി വന്ന ഈ സിനിമ മൂലം ഞാന്‍ നിങ്ങളെ വെറുക്കുന്നു. ഓരോ രംഗത്തിലും നിങ്ങളുടെ പെര്‍ഫോമന്‍സിനെ ഞാന്‍ ആരാധിക്കുകയായിരുന്നു. ഓരോ ശ്വാസത്തിലും ഇരിപ്പിലും നടപ്പിലും നിങ്ങള്‍ റാമായി. നിങ്ങള്‍ റാമായി ജീവിക്കുകയായിരുന്നു" സായ് കുറിച്ചു.

ഹനു രാഘവപുഡി, ഓരോ ഫ്രെയ്മിലും മാജിക് ഒരുക്കിയ നിങ്ങളെ ഞാന്‍ വെറുക്കുന്നു. നിങ്ങള്‍ മനോഹരമായ പെയിന്റിങ്ങാണ് ഒരുക്കിയത്. സിനിമയുടെ അവസാനം അഫ്രീന്‍ മികച്ചതാവുന്നുണ്ട്. എന്നാല്‍ റാമിനും സീതക്കും ഇടയിലുള്ള മെസഞ്ചറായതില്‍ നിന്നെ ഞാന്‍ വെറുക്കുന്നു. സീതാ, നിന്റെ പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നു. ഒരുപാട് ഹൃദയങ്ങള്‍ നിങ്ങളെ ഓര്‍ത്ത് വേദനിക്കുന്നു, ദയയുണ്ടാവണമെന്നും സായ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കത്തിലെഴുതി.

സീതാരാമത്തെ ക്ലാസിക് എന്നാണ് തെലുങ്ക് താരം നാനി വിശേഷിപ്പിച്ചത്. "സീതാ രാമം, ക്ലാസിക്, പിരിയഡ്, ഒരിക്കലും മിസ്സ് ആക്കരുത്" എന്നായിരുന്നു നാനിയുടെ ട്വീറ്റ്. നാനിക്ക് മറുപടിയുമായി ദുല്‍ഖറും രംഗത്തെത്തിയിരുന്നു. 'സീതാ രാമം' സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്‍ത എന്റെ ചിത്രം 'ഒകെ ബംഗരം' ആയിരുന്നു. എന്റെ ആദ്യത്തെ സിനിമയില്‍ തന്നെ വളരെയധികം സ്‍നേഹം ലഭിക്കുന്നതിന് കാരണമായ മണി സാറിന് നന്ദി. തുടര്‍ന്ന് നാഗിയും വൈജയന്തിയും 'മഹാനടി'യില്‍ അഭിനയിക്കുന്നതിന് എനിക്ക് അവസരം നല്‍കി. ഞാൻ പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന് എനിക്ക് ലഭിച്ച സ്‍നേഹവും ആദരവും. 'കുറുപ്പ്' ഡബ്ബ് ചെയ്‍തപ്പോഴും നിങ്ങള്‍ നല്‍കിയ സ്‍നേഹം ഒരിക്കലും മറക്കാനാവുന്നതല്ല.

'സീതാ രാമ'ത്തിനായി സ്വപ്‍നയും ഹനുവും എന്നെ സമീപിച്ചപ്പോള്‍ എനിക്ക് അറിയാമായിരുന്നു ഞാൻ സുരക്ഷിതമായ കൈകളിലാണ് എന്ന്. നല്ല ഒരു സിനിമ ഞങ്ങള്‍ക്ക് ചെയ്യാനാകും എന്ന് അറിയാമായിരുന്നു. ഒരുപാട് കലാകാരൻമാരുടെയും പ്രതിഭകളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂട്ടായ പ്രയ്നത്താലാണ് ഇത് മനോഹരമായത്. ചിത്രത്തിന്റെ റിലീസ് ദിവസം ഞാന്‍ കരഞ്ഞുപോയി. ഹനുവിനോടും, മൃണാളിനോടും രശ്‍മികയോടും സുമന്തിനോടും, വിശാലിനോടും പി എസ് വിനോദിനോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‍നേഹം വാക്കുകളാല്‍ വിശദീകരിക്കാനാകാത്തതാണ്. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞാണ് ദുല്‍ഖര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

'ലഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി ദുൽഖർ എത്തുന്ന ചിത്രം കശ്‍മിർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്‍ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് 'റാം' എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു.


Tags:    
News Summary - Dulquer Salmaan I hate you; says Sai Dharam Tej as he writes a letter to team Sita Ramam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.