ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കിങ് ഓഫ് കൊത്ത. ആഗസ്റ്റ് 24 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒ.ടി.ടി സ്ട്രീമിങ്ങിനൊരുങ്ങുന്നു. ഒക്ടോബർ 20 ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് പ്രദർശനം ആരംഭിക്കുന്നത്. സെപ്റ്റംബർ 20 ന് ചിത്രത്തിന്റെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകൾ ഒ.ടി.ടിയിൽ എത്തിയിരുന്നു.
സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് കിങ് ഓഫ് കൊത്ത നിർമിച്ചത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
നിമിഷ് രവിയാണ് കിങ് ഓഫ് കൊത്ത’യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് . ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതം, സംഘട്ടനം രാജശേഖർ, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, കൊറിയോഗ്രാഫി ഷെറീഫ്.
ബോളിവുഡിലും ദുൽഖർ സൽമാന് നിരവധി ആരാധകരുണ്ട്. 2018 ൽ പുറത്തിറങ്ങിയ കർവാനിലൂടെയാണ് ദുൽഖർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ബോളിവുഡ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 'ദ സോയ ഫാക്ടര്‍, 'ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്', ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വെബ് സീരീസായ ഗൺസ് & ഗുലാബ്സ് എന്നിവ ബോളിവുഡിൽ ദുൽഖറിന്റെ താരമൂല്യം വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.