മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ റിലീസിനോട് അടുക്കുകയാണ്. മാർച്ച് 27ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ വമ്പൻ റെക്കോഡുകളാണ് നേടുന്നത്.
ഇന്ന് രാവിലെ 9 മണിക്ക് തന്നെ സിനിമയുടെ ബുക്കിങ് ആരംഭിച്ചു. ബുക്കിങ് തുടങ്ങിയ ഉടന്‍ തന്നെ വിറ്റുപോകുന്ന, എല്ലാ തിയറ്ററുകളും ഫുള്ളാകുന്ന കാഴ്ചയാണ് കാണുന്നത്. ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂർ തികയും മുന്നേ 83,000ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് എമ്പുരാന്റേതായി വിറ്റു പോയത്. ബുക്കിങ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോ വരെ ഹാങ്ങാവുകയും സെർവർ ഡൗൺ ആവുകയും ചെയ്തു.
ലിയോയുടെയും പുഷ്പ 2 വിന്റേയും റെക്കോർഡുകൾ തിരുത്താനും എമ്പുരാന് സാധിച്ചു. ഒരു മണിക്കൂറിൽ എമ്പുരാന്റേതായി 83000ത്തില്‍ കൂടുതൽ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റിരിക്കുന്നത്. ഇതിന് മുന്നേ ആദ്യ ദിന അഡ്വാൻസ് ബുക്കിങ്ങിൽ മുന്നിട്ടു നിന്നിരുന്നത് വിജയ് ചിത്രം ലിയോ ആയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 82000ത്തില്‍ കൂടുതൽ ടിക്കറ്റുകളാണ് വിറ്റുപോയത്. തൊട്ട് താഴെ കഴിഞ്ഞ വർഷം റിലീസ് ചെയ്ത പുഷ്പ 2 ആണ്. 80000ത്തോളം ടിക്കറ്റുകളാണ് പുഷപ വിറ്റത്. ഈ റെക്കോർഡ് ഒരു മണിക്കൂറിലാണ് എമ്പുരാൻ തൂക്കിയടിച്ചിരിക്കുന്നത്.
ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ ആദ്യ ഷോ മാർച്ച് 27ന് ആറു മണിയ്ക്കാണ് ആരംഭിക്കുക. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മുതൽ മുടക്കേറിയ ചിത്രമാണ് എമ്പുരാൻ. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും എമ്പുരാൻ റിലീസിനെത്തുന്നുണ്ട്. കർണാടകയിൽ എമ്പുരാന്റെ വിതരണം ഹോംബാലെ ഫിലിംസും നോർത്ത് ഇന്ത്യയിൽ അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസുമാണ് ഏറ്റെടുത്തിരിക്കുന്നത്.
മലയാളം സിനിമ ചരിത്രത്തിൽ ആദ്യമായി IMAX-ൽ റിലീസ് ചെയ്യുന്ന ചിത്രമാകുകയാണ് എമ്പുരാന്‍. ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.