മോളിവുഡിലെ എക്കാലത്തെയും വലിയ ചിത്രമായി എത്തുകയാണ് എമ്പുരാൻ. മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മാർച്ച് 27ന് തിയറ്ററിലെത്തുന്ന ചിത്രത്തിന് മികച്ച ബുക്കിങ്ങാണ് നടക്കുന്നത്. ബുക്കിങ് ആരംഭിച്ചതിന് ശേഷം ബുക്ക് മൈ ഷോയിൽ റെക്കോഡ് ബുക്കിങ്ങാണ് ചിത്രത്തിനുള്ളത്. ബുക്കിങ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ 87,000 ബുക്കിങ് നേടി റെക്കോഡിട്ട എമ്പുരാൻ ആദ്യ ദിനം തന്നെ ഇന്ത്യൻ സിനിമയിലെ റെക്കോഡ് തന്നെ തിരുത്തിക്കുറിച്ചിട്ടുണ്ട്.
24 മണിക്കൂർ ബുക്കിങ്ങിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റഴിച്ച ഇന്ത്യൻ സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. 645.34k (6,45,000) ടിക്കറ്റുകളാണ് എമ്പുരാന്‍റേതായി ആദ്യ ദിനം തന്നെ വിറ്റുപോയത്. തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലെത്തിയ ലിയോയെക്കാൾ മൂന്ന് ഇരട്ടിയാണ് എമ്പുരാന്‍റെ ഫിഗർ. 1,26,000 ടിക്കറ്റുകൾ മാത്രമായിരുന്നു ലിയോ ആദ്യദിനം ബുക്കിങ്ങിലൂടെ വിറ്റുപോയത്.
കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ വിജയമായ പ്രഭാസ് ചിത്രം കൽക്കി 2898 എ.ഡിയാണ് എമ്പുരാന്‍റെ തൊട്ടുപിന്നിലുള്ളത്. 3,30,000 ടിക്കറ്റുകൾ മാത്രമേ കൽക്കിയുടേതായി ആദ്യദിന ബുക്കിങ്ങിൽ വിറ്റഴിക്കപ്പെട്ടത്. ഇതിന്‍റെ ഇരട്ടി നേട്ടം സ്വന്തമാക്കുന്ന എമ്പുരാൻ മലയാള സിനിമയുടെ തന്നെ ചരിത്രമാണ്. ഷാരൂഖ് ഖാൻ ചിത്രം ജവാൻ (2,53,000), അല്ലു അർജുന്‍റെ പാൻ ഇന്ത്യൻ ചിത്രം പുഷ്‌പ 2 (2,19,000) എന്നിവയാണ് ലിസ്റ്റിലെ മറ്റ് ചിത്രങ്ങൾ.
ആദ്യ ദിനം തന്നെ ചിത്രം 50 കോടി കളക്ട് ചെയ്തേക്കാനുള്ള എല്ലാ സാധ്യതയും നിലവിൽ തുറന്നിരിക്കുകയാണ്. വമ്പൻ ഹൈപ്പിലെത്തുന്ന ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ്. മലയാളത്തിലെ തന്നെ ആദ്യ ഐമാക്‌സ് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. എമ്പുരാൻ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.