ഒരു ചാറ്റിങ് നടത്തുന്നതുപോലെ, വിഡിയോ കോൾ ചെയ്യുന്നതുപോലെ ഒരു സെക്കൻറ് പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാതെ കണ്ടുതീർക്കാവുന്ന ദൃശ്യാനുഭവം. മഹേഷ് നാരായണൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൻെറ 'സീ യൂ സൂൺ' പക്ഷേ, മലയാള സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്തുക ഇങ്ങനെ മാത്രമാകില്ല. അതിജീവനത്തിൻെറയും ആത്മവിശ്വാസത്തിൻെറയും അടയാളമായും പൂർണമായും കോവിഡ് കാലത്തെ പരിമിതിക്കുള്ളിൽ നിന്ന് ചിത്രീകരിച്ച പരീക്ഷണ ചിത്രമായ 'സീ യു സൂൺ' ഗണിക്കപ്പെടും. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന മഹേഷ്-ഫഹദ് ചിത്രമായ 'മാലിക്ക്' തിയറ്ററിലെത്തുന്നതിന് തൊട്ടുമുമ്പാണ് കോവിഡ് വില്ലനായെത്തുന്നത്. തീയറ്ററുകൾ അടച്ചിടപ്പെട്ടപ്പോൾ 'മാലിക്കി'ൻെറ റിലീസ് നീണ്ടുപോയെങ്കിലും പരിമിതികളെ ചെറുത്ത് തോൽപ്പിച്ച് ഇതേ ടീം ഓണം റിലീസായി ആമസോൺ പ്രൈമിലൂടെ 'സീ യൂ സൂൺ' പ്രേക്ഷകരിലെത്തിക്കുകയായിരുന്നു. ശരിക്കും കോവിഡിനോടുള്ള മഹേഷിൻെറ 'പ്രതികാരം' കൂടിയായി അത്.
ഇന്ത്യയിൽ അപൂർവമായ കമ്പ്യൂട്ടർ സ്ക്രീൻ ബേസ്ഡ് സിനിമ എന്ന ആശയത്തിൽ ഒരുക്കിയ സിനിമ പ്രമേയത്തിൻെറ ഗൗരവും കൊണ്ടും ചിത്രീകരണത്തിലെ പുതുമ കൊണ്ടും മികച്ചു നിൽക്കുന്നെന്ന് നിസ്സംശയം പറയാം. ആഖ്യാനശൈലിയുടെ പ്രത്യേകത കാരണം ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതും ശരിയായ തീരുമാനമായി. കഥാപാത്രങ്ങൾ ചാറ്റിങിൽ ഉപയോഗിക്കുന്ന വാക്കുകൾ സിനിമയിൽ ഏറെ നിർണായകമാണ്. തീയറ്ററിൽ കാണുന്ന ഒരു പ്രേക്ഷകന് അത് പിന്തുടരാനാകാതെ വന്നാൽ കാഴ്ചയുടെ രസച്ചരട് മുറിയുകയും ചെയ്യും. അതുകൊണ്ട് തന്നെ പോസ് ചെയ്തും റീപ്ലേ ചെയ്തുമൊക്കെ കാണാൻ കഴിയുമെന്ന സൗകര്യം ഒ.ടി.ടി റിലീസെന്ന തീരുമാനത്തെ ശരിവെക്കുന്നു. എല്ലാത്തരം പ്രേക്ഷകരിലേക്കും കടന്ന് ചെല്ലാൻ സാധിക്കില്ല എന്ന വസ്തുത അംഗീകരിച്ചാൽ തന്നെ, പ്രണയവും വിരഹവും വൈകാരികതയും ത്രില്ലുമെല്ലാമടക്കം കൊമേഴ്സ്യൽ സിനിമയുടെ ചേരുവകളെല്ലാം വേറിട്ട പാറ്റേണിലൂടെ അനുഭവിപ്പിക്കാൻ 'സീ യൂ സൂണി'ന് കഴിഞ്ഞിട്ടുണ്ട്.
പ്രധാനമായും മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. കഥ അവരിലേക്ക് മാത്രമായി ഒതുക്കാൻ വിഡിയോ കോൾ/സ്ക്രീൻ ഗ്രാബ് ഫോർമാറ്റിലുള്ള ആവിഷ്കാര രീതി സഹായിച്ചിട്ടുമുണ്ട്. ദുബൈയിൽ ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന ജിമ്മി കുര്യൻ (റോഷൻ മാത്യു) ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ അനു സെബാസ്റ്റ്യനെ (ദർശന രാജേന്ദ്രൻ) പരിചയപ്പെടുന്നിടത്ത് നിന്നാണ് സിനിമ തുടങ്ങുന്നത്. ചാറ്റിലൂടെ ഇവർ പ്രണയത്തിലാകുന്നു. അമേരിക്കയിൽ താമസിക്കുന്ന അമ്മ മേരിയുടെ (മാലാ പാർവതി) വെർച്വൽ സാന്നിധ്യത്തിൽ തന്നെ ജിമ്മി അവളോട് വിവാഹാഭ്യർഥന നടത്തുന്നു. അനുവിനെ കുറിച്ച് അന്വേഷിക്കാൻ ബന്ധുവും സൈബർ സെക്യൂരിറ്റി വിദഗ്ധനുമായ കെവിൻ തോമസിനെ (ഫഹദ് ഫാസിൽ) ആണ് മേരി ഏൽപ്പിക്കുന്നത്. കെവിൻ നല്ല അഭിപ്രായം പറയുന്നതോടെ അമ്മ ജിമ്മിയുടെയും അനുവിൻെറയും വിവാഹത്തിന് സമ്മതം മൂളുന്നു. തുടർന്ന് ആകസ്മികമായുണ്ടാകുന്ന ചില സംഭവങ്ങൾ കാരണം ജിമ്മിക്കും അനുവിനും വിവാഹത്തിന് മുേമ്പ ഫ്ലാറ്റിൽ ഒരുമിച്ച് താമസിക്കേണ്ടി വരുന്നു. ഒരാഴ്ചക്കുശേഷം അനു അപ്രത്യക്ഷയാകുന്നതോടെ കാര്യങ്ങൾ തകിടം മറിയുന്നു. ജിമ്മി സംശയത്തിൻെറ നിഴലിലാകുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നു. എന്താണ് അനുവിന് സംഭവിച്ചതെന്നറിയാനും ജിമ്മിയെ സഹായിക്കാനും കെവിൻ നടത്തുന്ന അന്വേഷണത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.
ഐ ഫോൺ, പാനാസസോണിക് 4K കാമറ, ഗോപ്രോ എന്നിവയെല്ലാം ഉപയോഗിച്ചുള്ള ചിത്രീകരണത്തിൻെറ ദൃശ്യഭംഗിപരമായ പരിമിതികൾ കാമ്പുള്ള തിരക്കഥയിലൂടെ മറികടക്കാൻ മഹേഷ് നാരായണന് കഴിഞ്ഞിട്ടുണ്ട്. നിഗൂഢതയും വൈകാരികതയും കൊണ്ട് പ്രേക്ഷകനെ സിനിമയിൽ പിടിച്ചിരുത്താനുള്ള രചനാ മികവ് മഹേഷ് കാട്ടിയിട്ടുണ്ട്. എഴുത്തിലും സംവിധാനത്തിലും മാത്രമല്ല, എഡിറ്റിങ് അടക്കം പുത്തൻ സാങ്കേതിക മേഖലകളിലേക്കുള്ള മഹേഷ് നാരായണൻെറ 'ടേക്ക് ഓഫും' സിനിമയിൽ കാണാം. പ്രധാനമായും അനിമേഷൻ സിനിമകളിൽ ഉപയോഗിക്കുന്ന വെർച്വൽ സിനിമോട്ടോഗ്രഫിയുടെ സാധ്യതയും സിനിമ തുറന്നു തരുന്നുണ്ട്. വെർച്വൽ സിനിമോട്ടോഗ്രഫി കൈകാര്യം ചെയ്തിരിക്കുന്നത് മഹേഷ് തന്നെയാണ്.
കഥാപാത്രങ്ങളുടെ സെൽഫി ഫ്രെയിമുകളിലൂടെയാണ് അധിക സമയവും സിനിമ സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകനുമായാണ് താൻ വിഡിയോ കോളിലൂടെ സംസാരിക്കുന്നത് എന്ന് തോന്നിപ്പിക്കേണ്ട ബാധ്യത ഫഹദും റോഷനും ദർശനയുമെല്ലാം ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. ഐടി പ്രഫഷണലിൻെറ സമ്മർദങ്ങളിലേക്കും ഒരു മനുഷ്യൻെറ വൈകാരികതയിലേക്കും രക്ഷകൻെറ ജാഗ്രതയിലേക്കും അനായാസം രൂപം മാറാൻ ഫഹദിന് കഴിഞ്ഞു. തൻെറ കരിയറിലെ ഏറ്റവും മികച്ച വേഷം മനോഹരമായി അവതരിപ്പിക്കുന്നതിൽ ദർശന രാജേന്ദ്രനും വിജയിച്ചു. പ്രണയം, നിസ്സഹായത, അതിജീവനം തുടങ്ങി അനു നേരിടേണ്ടി വരുന്ന എല്ലാ സന്ദർഭങ്ങളും ദർശനയിൽ ഭദ്രമായി. മൂത്തോൻ, കപ്പേള, ചോക്ക്ഡ് തുടങ്ങിയ സിനിമകളിലൂടെ നിരൂപക പ്രശംസ നേടിയ റോഷൻ മാത്യുവിൻെറ മിന്നുന്ന പ്രകടനം ജിമ്മിയിൽ കാണാം. മാലാ പാർവതി, സൈജു കുറുപ്പ്, കോട്ടയം രമേശ്, അമാൽഡ എന്നിവരും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. ഫഹദ് ഫാസിൽ, നസ്രിയ നസീം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സബിനാണ് ഛായാഗ്രഹണം.
കാണാതായ മകളെ അന്വേഷിക്കുന്ന പിതാവിൻെറ കഥ പുറയുന്ന 'സെർച്ചിങ്' എന്ന സിനിമ പ്രചോദനമായിട്ടുണ്ടെങ്കിലും അതിൻെറ നിഴൽ വിമർശിക്കത്തക്ക വിധം സിനിമയിൽ പതിയാതിരിക്കാനുള്ള ചേരുവകൾ ഒരുക്കുന്നതിൽ മഹേഷ് നാരായണൻ ശ്രദ്ധ കാട്ടിയിട്ടുണ്ട്. 'സെർച്ചിങ്' മാത്രമല്ല, 'അൺഫ്രണ്ടഡ്', 'ലവ് സെക്സ് ആൻഡ് ധോക്ക' തുടങ്ങിയ സിനിമകൾ മുന്നോട്ടുവെച്ചിട്ടുള്ള നവീന ആഖ്യാന രീതി പിൻപറ്റി മലയാള സിനിമക്ക് സാധ്യതകളുടെ പുതിയൊരു വഴി തുറന്നുകൊടുക്കുന്നതിൽ 'സീ യൂ സൂൺ' വിജയിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.