കൊച്ചി: 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെ കുറിച്ചും നസ്രിയയുമായുള്ള പ്രണയത്തെ കുറിച്ചുമൊക്കെ ഹൃദയഹാരിയായ കുറിപ്പുമായി നടൻ ഫഹദ് ഫാസിൽ. തനിക്കുവേണ്ടി നസ്രിയ വ്യക്തിപരമായ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടുത്തിയെന്നും നസ്രിയ വന്നില്ലായിരുന്നെങ്കിൽ തന്‍റെ ജീവിതം എന്താകുമായിരുന്നെന്ന് അറിയില്ലെന്നും ഫഹദ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച മനോഹരമായ കുറിപ്പിൽ എഴുതി.
ഒരു വലിയ മഹാമാരിയെ നാം നേരിടുന്ന സമയത്ത് ഇത് എഴുതുന്നത് ശരിയാണോയെന്ന് സംശയമുണ്ട്. എഴുതുന്നത് ശരിയാണോയെന്നറിയില്ല. പക്ഷേ, നമ്മളെല്ലാവരും നമ്മളാൽ കഴിയുംവിധം ഇതിനെതിരെ പോരാടുണ്ടെന്നാണ് എന്‍റെ വിശ്വാസം. ഇന്നും എന്നും അത് തുടരുമെന്നും പ്രതീക്ഷിക്കുന്നു. 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്നുള്ള തിരിച്ചുവരവിലായിരുന്നു ഞാനും. എന്‍റെ കലണ്ടറിൽ ലോക്ഡൗൺ മാർച്ച് രണ്ടിന് ആരംഭിച്ചിരുന്നു. അപകടത്തെക്കുറിച്ച് 'ക്ലോസ്' എന്നാണ് എന്‍റെ ഡോക്ടർമാർ പറഞ്ഞത്. വീണപ്പോൾ മുഖം താഴെയടിക്കും മുമ്പ് തന്നെ കൈകൾ കുത്താൻ എനിക്കായി. 80 ശതമാനം സംഭവങ്ങളിലും വീഴ്ചയുടെ ആഘാതത്തിലും പരിഭ്രമത്തിലും ആളുകൾക്ക് അതിനു സാധിക്കാറില്ല. പക്ഷേ, മനസ്സാന്നിധ്യം കൈവെടിയാഞ്ഞതിനാൽ എനിക്കതു സാധിച്ചു. അങ്ങനെ മുമ്പ് നിരവധി തവണ ഉണ്ടായതു പോലെ വീണ്ടുമൊരിക്കൽ കൂടി ജീവിതത്തിൽ ഭാഗ്യം എന്നെ തുണച്ചു.
ഇത്രയും കാലം എനിക്കൊപ്പം നിന്ന പ്രേക്ഷകരോട് ചിലതൊക്കെ പറയൽ എന്‍റെ ബാധ്യതയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയിരുന്ന 'മാലിക്' എന്ന ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത് ഭാരിച്ച മനസ്സോടെയാണ്. ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരുടെയും വർഷത്തിലേറെ നീണ്ട പരിശ്രമത്തിന്‍റെ ഫലമാണ് ആ സിനിമ. അടുത്ത കാലത്ത് ഒ.ടി.ടിയിൽ റിലീസ് ചെയ്ത എന്‍റെ മറ്റു സിനിമകൾ പോലെയല്ല 'മാലിക്'. അവയൊക്കെ തുടക്കം മുതൽക്ക് തന്നെ ഒ.ടി.ടി റിലീസിനായി ഒരുക്കപ്പെട്ടതായിരുന്നു. എന്നാൽ, 'മാലിക്' തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനിരുന്നതാണ്. പക്ഷേ എല്ലാവരും ചേർന്നെടുത്ത ഈ തീരുമാനത്തെ ഞാനും അനുകൂലിക്കുന്നു. അത് ആ സിനിമയോടുള്ള ഏറ്റവും മികച്ച താൽപര്യത്തിൽ നിന്ന് ഉടലെടുത്ത തീരുമാനമായി കാണണമെന്നും എല്ലാവരോടും അഭ്യർഥിക്കുന്നു. തിയറ്ററുകൾ പഴയതുപോലെ സാധാരണ രീതിയിലാകാൻ ഞാൻ കാത്തിരിക്കുകയാണ്. നിങ്ങളോരോരുത്തരും നിങ്ങളുടെ ജീവിതവും സാധാരണ രീതിയിലാകാൻ കാത്തിരിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കുന്നു. തിയറ്ററുകൾ ഇനി തുറക്കുമ്പോൾ നിങ്ങൾക്കായി പുതിയൊരു അനുഭവം സമ്മാനിക്കേണ്ടത് ഉത്തരവാദിത്തമായി ഞാൻ ഏറ്റെടുക്കുന്നു.
മുമ്പ് ഒന്നുരണ്ട് അഭിമുഖങ്ങളിൽ ഞാൻ എൻജിനിയറിങ് കോളജിൽ നിന്ന് പുറത്തായ കാര്യം പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽ മുഖ്യ വിഷയത്തിൽ നിന്നുള്ള മാറ്റം ബുദ്ധിമുട്ടാണെങ്കിലും എന്‍റെ അവിടുത്തെ അഡ്വൈസറുടെ ഉപദേശപ്രകാരം ഡീനിന് കത്തയച്ചത് കൊണ്ടാണ് എനിക്ക് ആർട്സിലേക്ക് മാറാൻ കഴിഞ്ഞത്. ആറു വർഷം നീണ്ട അമേരിക്കയിലെ പഠനത്തിനു ശേഷം തിരികയെത്തുമ്പോൾ എനിക്ക് ഡിഗ്രി ഇല്ലായിരുന്നത് നല്ലതായി കരുതുന്നു. അതുകൊണ്ട് തന്നെ എനിക്ക് എവിടെ നിന്നു വേണമെങ്കിലും തുടങ്ങാമായിരുന്നു.
'ബാംഗ്ലൂർ ഡെയ്സ്' എന്ന സിനിമയുടെ ഏഴാം വാർഷികവും ഒരുപാട് നല്ല ഓർമകൾ സമ്മാനിക്കുന്നു. നസ്രിയയെ പ്രണയികുകന്നതും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതുമൊക്കെ. സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കത്തും ഒപ്പം ഒരു മോതിരവും നൽകിയാണ് എന്‍റെ പ്രണയം നസ്രിയയെ അറിയിച്ചത്. നസ്രിയ യെസ് പറഞ്ഞില്ല നോ എന്നും പറഞ്ഞില്ല.
'ബാംഗ്ലൂർ ഡെയ്സി'ൽ അഭിനയിക്കുമ്പോൾ ഞാൻ മറ്റു രണ്ടു സിനിമകളിൽ കൂടി അഭിനയിക്കുന്നുണ്ടായിരുന്നു. മൂന്ന് സിനിമകളിൽ ഒരേസമയം അഭിനയിക്കുകയെന്നത് ആത്മഹത്യാപരമാണ്. പക്ഷേ അപ്പോഴെല്ലാം ഞാൻ 'ബാംഗ്ലൂർ ഡെയ്സ്' ലൊക്കേഷനിലേക്ക് തിരികെ പോകാൻ കാത്തിരുന്നു. നസ്രിയ്ക്കൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ഇഷ്ടപ്പെട്ടു. പക്ഷേ, എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനാൽ നസ്രിയക്ക് ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്നു വെക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോൾ നസ്രിയയുടെ മറുപടി ഇതായിരുന്നു-' നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ലളിതമായ ഒരൊറ്റ ജീവിതമേ നമുക്കുള്ളു. അത് സ്വന്തം ഇഷ്ടത്തിന് ജീവിക്കുക'. ഞങ്ങൾ വിവാഹിതരായിട്ട് ഏഴ് വർഷമായി. ഇപ്പോഴും ഞാൻ ടി.വിയുടെ റിമോട്ട് ബാത്ത് റൂമിൽ മറന്നു വയ്ക്കുമ്പോൾ 'നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?' എന്ന ചോദ്യം നസ്രിയ ആവർത്തിക്കും. കഴിഞ്ഞ ഏഴു വർഷം എനിക്ക് ഞാൻ അർഹിക്കുന്നതിലും കൂടുതൽ ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു, ഒന്നിച്ചൊരു കുടുംബമായി നിൽക്കുന്നു.
ഈ അപകടത്തിൽ എന്‍റെ മൂക്കിൽ പ്രത്യക്ഷത്തിൽ സ്റ്റിച്ചിട്ട മൂന്ന് പാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തിൽ സംഭവിച്ച ഏറ്റവും ചെറിയ മുറിവുകളാണവ. ചിലപ്പോൾ കുറച്ചു കാലം അതു പാടായി അവിടെ കാണും. അല്ലെങ്കിൽ എക്കാലവും അതവിടെ കാണും. പഠിക്കുകയെന്നതിന്‍റെ അടിസ്ഥാന പ്രക്രിയ ഞാൻ ഉപേക്ഷിച്ചിേട്ടയില്ല. 'എനിക്കറിയില്ല' എന്ന് പറയാൻ എനിക്ക് ധൈര്യം നൽകുന്നതും അതാണ്. ചെറിയ നേട്ടങ്ങൾപോലും എനിക്കുണ്ടായി തുടങ്ങിയത്. നസ്രിയയ്ക്കൊപ്പം ജീവിതം ആരംഭിച്ച േശഷമാണ്. ഇതൊന്നും ഞാൻ ഒറ്റയ്ക്ക് ചെയ്തതല്ല. നസ്രിയയ്ക്ക് ഞങ്ങളെ കുറിച്ച് അത്ര ഉറപ്പ് ഇല്ലായിരുന്നുവെങ്കിൽ എന്‍റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെടാറുണ്ട്.
കഥകളെ ചെറുപ്പം മുതൽ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയ്ക്ക് അന്നും ഇന്നും ഒരു കഥ എങ്ങനെ അവസാനിക്കുന്നുവെന്നത് എന്നെ സംബന്ധിച്ച് ഏറെ കൗതുകകരമാണ്. ചിലപ്പോഴെങ്കിലും ഞാൻ ജീവിക്കുന്ന എന്‍റെ കഥ അവസാനിക്കുന്നതായി തോന്നിയിട്ടുണ്ട്. പക്ഷേ അതിപ്പോഴും അവസാനിച്ചിട്ടില്ല. നേട്ടങ്ങളോടെയും കോട്ടങ്ങളോടെയും ഞാൻ അതിൽ നിന്നൊക്കെ പുറത്തു വന്നു. എല്ലാ അവസാനങ്ങളും മനോഹരമായ മറ്റൊരു കഥയുടെ ആരംഭമാണ്. അതു ചിലപ്പോൾ നമ്മുടെയാകാം. അല്ലെങ്കിൽ നാം കൂടി ഭാഗമായിട്ടുള്ള മറ്റൊരാളുടെ കഥയാകാം. പക്ഷേ നമുക്കെല്ലാവർക്കും നമ്മുടേതായ ഭാഗങ്ങൾ ഉണ്ടെന്ന് ഓർമിക്കുക. ഇക്കാലം നമുക്കൊക്കെ ബുദ്ധിമുട്ടേറിയതാണെന്നറിയാം. പക്ഷേ പുതിയ ഒരു ആരംഭത്തിനായി ഇതും അവസാനിക്കും.
ഫഹദ് ഫാസിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.