ഫാമിലി, പാരഡൈസ്; ‘ന്യൂട്ടൺ സിനിമ’ നിർമിച്ച രണ്ട് ചിത്രങ്ങൾ ഐ.എഫ്.എഫ്.കെയിൽ

ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ന്യൂട്ടൺ സിനിമ നിർമ്മിച്ച രണ്ട് ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മത്സരവിഭാഗത്തിൽ ഫാമിലിയും ലോക സിനിമ വിഭാഗത്തിൽ പാരഡൈസുമാണു തെരഞ്ഞെടുത്തത്. ഒരേ നിർമാണ കമ്പനിയിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ ഒരു ചലച്ചിത്രോത്സവത്തിൽ തന്നെ തെരഞ്ഞെടുക്കപ്പെടുന്നത് അപൂർവമായാണ്. നംവബറിൽ നടന്ന ധർമ്മശാല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഈ രണ്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

വിഖ്യാത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്തിരിക്കുന്ന ‘പാരഡൈസ്’ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത് മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസാണ്. അഞ്ച് നെറ്റ്പാക്ക് പുരസ്കാരങ്ങൾ ഉൾപ്പെടെ മുപ്പത്തിലധികം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രസന്ന വിത്താനഗെയുടെ പത്താമത്തെ സംവിധാന സംരംഭമാണു പാരഡൈസ്. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം ശ്രീലങ്കൻ സിനിമയിലെ പ്രശസ്ത അഭിനേതാക്കളായ ശ്യാം ഫെർണാണ്ടോയും മഹേന്ദ്ര പെരേരയും ഈ ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. രാജീവ് രവി ഛായഗ്രാഹണവും ശ്രീകർ പ്രസാദ് ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ‘കെ’യാണ്. തപസ് നായ്ക്കാണ് ശബ്ദസന്നിവേശം.

ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരം നേടിയ പാരഡൈസിനു ദേശീയ - അന്തർദേശീയ നിരൂപകരിൽ നിന്നു മികച്ച അഭിപ്രായങ്ങളാണു ലഭിച്ചു കൊണ്ടിരിക്കുന്നത്. 2022ൽ ശ്രീലങ്ക നേരിട്ട രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് പാരഡൈസിനു പശ്ചാത്തലമാകുന്നത്. പൂർണമായും ശ്രീലങ്കയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രം എന്ന പ്രത്യേകത കൂടി പാരഡൈസിനുണ്ട്. മണിരത്നവും മദ്രാസ് ടാക്കീസും ആദ്യമായി സഹകരിക്കുന്ന മലയാള ചിത്രം കൂടിയാണു പാരഡൈസ്.

ന്യൂട്ടൺ സിനിമ നിർമ്മിച്ചിരിക്കുന്ന ‘ഫാമിലി’ സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകൻ ഡോൺ പാലത്തറയാണ്. ശവം, സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം, 1956 മധ്യ തിരുവിതാംകൂർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോണിന്‍റെ ആറാമത് സംവിധാനസംരംഭമാണ് ഫാമിലി. വിനയ് ഫോർട്ട്, ദിവ്യപ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ മാത്യു തോമസ്, നിൽജ കെ. ബേബി, ആർഷ ബൈജു, ജെയിൻ ആൻഡ്രൂസ്, ജോളി ചിറയത്ത്, സജിത മഠത്തിൽ, അഭിജ ശിവകല എന്നിവരും അഭിനയിച്ചിരിക്കുന്നു. ജലീൽ ബാദുഷ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ബേസിൽ സി.ജെയും ശബ്ദസന്നിവേശം നിർവഹിച്ചിരിക്കുന്നത് രംഗനാഥ് രവിയുമാണ്.

ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ‘ഫാമിലി’ ഇടുക്കിയുടെ പശ്ചാത്തലത്തിൽ, ഒരു കുടിയേറ്റ ഗ്രാമത്തിനുള്ളിലെ സങ്കീർണമായ അധികാര സമവാക്യങ്ങളെ ആധാരമാക്കി കാലികപ്രസക്തമായ ഒരു സാമൂഹിക വിഷയത്തെ വൈകാരിക തീവ്രതയോടെ അവതരിപ്പിച്ചിരിക്കുകയാണ്. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദ്യ പ്രദർശനം നടത്തിയ ഫാമിലി നിരവധി അന്തർദേശീയ വേദികളിൽ നിന്ന് അംഗീകാരവും നിരൂപകപ്രശംസയും പിടിച്ച് പറ്റിയതിനു ശേഷമാണ് ഐ.എഫ്.എഫ്.കെയിലേക്കെത്തുന്നത്.

ഫാമിലി 2024 ഫെബ്രുവരിയോടെയും പാരഡൈസ് 2024 മാർച്ചോടെയും തീയറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. സെഞ്ചുറി ഫിലിംസാണ് രണ്ടു ചിത്രങ്ങളും വിതരണം ചെയ്യുന്നത്.

ഈ രണ്ട് ചിത്രങ്ങൾക്കും ഇവയിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർക്കും അഭിനേതാകൾക്കും അന്താരാഷ്ട്ര വേദികളിൽ നിന്നു ലഭിച്ച അംഗീകാരങ്ങളും അഭിനന്ദനങ്ങളും വാക്കുകൾക്കതീതമാണെന്നും ഫാമിലിയും പാരഡൈസും നിർമ്മിക്കാൻ സാധിച്ചതിലും, കേരളത്തിന്‍റെ സ്വന്തം ഐ.എഫ്.എഫ്.കെയിൽ ഈ രണ്ട് ചിത്രങ്ങൾ എത്തിക്കാൻ സാധിച്ചതിലും വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും നിർമ്മാതാവായ ആന്‍റോ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.

കോവിഡാനന്തര കാലത്ത് ഉള്ളടക്കത്തിനു പ്രാധാന്യമുള്ള സിനിമകൾക്കായി പ്രദർശനശാലകളും ആസ്വാദകരുമുൾപ്പെടുന്ന ഒരു അന്തർദേശീയ ശൃംഖല സൃഷ്ടിക്കാനുതകുന്ന മികച്ച സിനിമകൾ നിരന്തരമായി നിർമിക്കാനും വിതരണം ചെയ്യാനുമാണ് ന്യൂട്ടൺ സിനിമ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

സാമൂഹിക വ്യവസ്ഥിതികളെ ചോദ്യം ചെയ്യുകയും സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആന്റോ ചിറ്റിലപ്പിള്ളി, സനിത ചിറ്റിലപ്പിള്ളി എന്നിവർ ചേർന്ന് 2020ൽ ആഗോള സിനിമ നിർമ്മാണ കമ്പനിയായ ന്യൂട്ടൺ സിനിമ ആരംഭിക്കുന്നത്. ലോസ് ആഞ്ചലസ്, ബോസ്റ്റൺ, സാൻഫ്രാൻസിസ്കോ, മുംബൈ, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് ന്യൂട്ടൺ സിനിമ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

Tags:    
News Summary - Family, Paradise; Two films produced by 'Newton Cinema' at IFFK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.