മുംബൈ: കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്റെയും സംവിധായകൻ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി(79) അന്തരിച്ചു. കഴിഞ്ഞ കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ബാലതാരങ്ങളായ ദാസി ഇറാനിയുടെയും ഹണി ഇറാനിയുടെയും സഹോദരിയായിരുന്നു മേനക. 1963 ൽ സൽമാൻ ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാൻ അഭിനയിച്ച ബച്പൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് ചലച്ചിത്ര നിർമാതാവും നടനുമായ കമ്രാൻ ഖാനെ വിവാഹം കഴിച്ചു. തുടർന്ന് അഭിനയം വിട്ടു.
ഈ കഴിഞ്ഞ ജൂലൈ 12 നായിരുന്നു മേനക ഇറാനിയുടെ 79ാം പിറന്നാൾ. അമ്മക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസകൾ നേർന്ന് ഫറ ഖാൻ എത്തിയിരുന്നു. താൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ശക്തയായ ധീരയായ വനിതയെന്നാണ് ഫറ അമ്മയെക്കുറിച്ച് പറഞ്ഞത്.
'അമ്മമാരെ നമ്മൾ എല്ലാവരും വളരെ നിസ്സാരമായി കാണുന്നു... പ്രത്യേകിച്ച് ഞാൻ! ഈ കഴിഞ്ഞ മാസമാണ് ഞാൻ എന്റെ അമ്മയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് മനസിലായത്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ, ധീരയായ വ്യക്തിയാണ് .ഒന്നിലധികം ശസ്ത്രക്രിയകൾക്ക് ശേഷവും അമ്മയുടെ നർമ്മബോധം ഒരു തരിപോലും കൈമോശം വന്നിട്ടില്ല.വീട്ടിലേക്ക് മടങ്ങി വരാൻ ഏറ്റവും നല്ല ദിവസമാണിന്ന്. ഞാൻ നിന്നെ സ്നേഹിക്കുന്നു.. പിറന്നാൾ ആശംസകൾ അമ്മ'- ഫറ ഖാൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.