'ദ ലെജൻഡ് ഓഫ് മൗലാ ജാട്ട്' എന്ന ചിത്രത്തിനായി 25 കിലോയോളമാണ് പാക്കിസ്ഥാൻകാരനായ നടൻ ഫവാദ് ഖാൻ വർധിപ്പിച്ചത്. 74 കിലോയുണ്ടായിരുന്ന ഫവാദ് 100 കിലോയോളം ശരീര ഭാരം വർധിപ്പിച്ചിരുന്നു. എന്നാൽ തൊട്ടു പിന്നാലെ വൃക്കകൾ തകരാറിലായി ആശുപത്രിയിലായ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഫവാദ്.
ആമിർ ഖാനിൽനിന്നും ക്രിസ്ത്യൻ ബെയ്‌ലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് താൻ ശരീരത്തിൽ മാറ്റം വരുത്തിയതെന്നും എന്നാൽ അത് കാരണം ആശുപത്രിയിൽ ആയതിൽ ഖേദിക്കുന്നെന്നും ഫവാദ് പറഞ്ഞു.
2008ലെ 'ഗജനി' എന്ന സിനിമയ്ക്കായി ആമിർ ഖാൻ തന്റെ ശരീരത്തിൽ വലിയ പരിവർത്തനം നടത്തിയിരുന്നു. 13 മാസം കൊണ്ടാണ് ആമിർ അത്തരത്തിൽ മാറ്റങ്ങൾ വരുത്തിയത്. 'ദങ്കൽ' എന്ന ചിത്രത്തിന് വേണ്ടിയും ആമിർ ഇത്തരം മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. ക്രിസ്ത്യൻ ബെയ്‌ലും ഇത്തരത്തിൽ വലിയ ശാരീരിക പരിവർത്തനങ്ങൾ നടത്തിയ വ്യക്തിയാണ്.
എന്നാൽ ഫവാദ് വേണ്ടത്ര സമയം എടുക്കാതെ ഒന്നരമാസം കൊണ്ട് സ്വയം പരിശീലനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഒടുവിൽ ആശുപത്രിയിലായത്.
"ഞാൻ എന്നോട് ചെയ്ത നല്ല കാര്യമല്ല അത്. ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ല. അത് എന്നെ പ്രതികൂലമായി ബാധിച്ചു. ഈ ശാരീരിക പരിവർത്തനങ്ങൾക്കെല്ലാം ഇരുണ്ട ഒരു മറുവശം ഉണ്ട്. നിങ്ങൾ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ അത് ആരോഗ്യത്തിന് വലിയ ദോഷം വരുത്തുമെന്ന് അറിഞ്ഞിരിക്കണം. അത് എനിക്ക് സംഭവിച്ചു. ഞാൻ ആശുപത്രിയിലായി. എന്റെ വൃക്കകൾ തകരാറിലായി" - ഫവാദ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
ഇപ്പോൾ 'ദി ലെജൻഡ് ഓഫ് മൗല ജാട്ടി'ൽ മഹിറ ഖാനൊപ്പം ഫവാദ് വീണ്ടും എത്തുന്നു. പഞ്ചാബി ഭാഷാ ചിത്രമായ ദ ലെജൻഡ് ഓഫ് മൗല ജാട്ട് ഇതുവരെയുള്ള ഏറ്റവും ചെലവേറിയ പാക്കിസ്ഥാൻ ചിത്രമാണ്. ഒക്ടോബർ 22ന് ചിത്രം റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.