കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതോടെ തിയറ്ററുകൾ ഭാഗികമായി അടക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഞായറാഴ്ച്ചകളിൽ തിയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവിനെയാണ് സംഘടന ചോദ്യം ചെയ്യുന്നത്. 50 ശതമാനം സീറ്റുകളിൽ എല്ലാ ദിവസവും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഷോപ്പിങ് മാളുകൾക്കും ബാറുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ട് തിയറ്ററുകൾ മാത്രം അടച്ചിടാൻ നിർദേശം നൽകുന്നത് വിവേചനമാണെന്നനായിരുന്നു ഹരജിക്കാരുടെ വാദം. അതേസമയം, ഹരജിയിൽ ഇന്ന് സർക്കാർ മറുപടി അറിയിച്ചേക്കും.
ഇപ്പോഴത്തെ സാഹചര്യം തിയറ്ററുടമകൾ മനസിലാക്കണമെന്നാണ് ഹരജി പരിഗണിക്കവേ, കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞത്. തിയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഫിയോക്കിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. അതേസമയം, കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിന്റെ പേരിൽ തിയറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നത് നീതീകരിക്കാനാവുമോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചിരുന്നു. ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ചായിരുന്നു അത് വാക്കാൽ ചോദിച്ചത്. വിദഗ്ധ സമിതിയുടെ നിർദേശാനുസരണമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് സർക്കാർ അതിന് മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.