കോഴിക്കോട്: ട്രാൻസ്ജെൻഡറുകളുടെ ജീവിതത്തെ ഗൗരവമായി ചിത്രീകരിച്ച 'മാധ്യമം' സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തിന്റെ 'അന്തര'ത്തിലെ അഞ്ജലിയെ അനശ്വരമാക്കിയ നേഹ സംസ്ഥാന ചലച്ചിത്ര പുരസ്കാരപട്ടികയിൽ ചരിത്രമെഴുതി.
ട്രാൻസ് വിഭാഗത്തിലെ ഒരു അഭിനേതാവിന്/അഭിനേത്രിക്ക് ആദ്യമായാണ് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. തമിഴ്നാട് തിരുവാരൂരിലെ ട്രാൻസ്വുമണുമായ നേഹയുടെ ആദ്യ ഫീച്ചർ സിനിമയായിരുന്നു 'അന്തരം'.
ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് നേഹ 'മാധ്യമ'ത്തോട് പറഞ്ഞു. 'ആദ്യ ചിത്രത്തിനുതന്നെ അവാർഡ് നേടാനായത് ഇരട്ടി മധുരമാണ്. കടുത്ത വെല്ലുവിളിയുള്ള കഥാപാത്രമായിരുന്നു. അഭിജിത്ത് ചേട്ടനോടാണ് നന്ദിയും കടപ്പാടുമുള്ളത്. ഒരു കുടുംബം പോലെ ഒരുമിച്ചിരുന്നാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ഷൂട്ടിങ് ടീം മുഴുവൻ അക്ഷരാർഥത്തിൽ കരഞ്ഞാണ് പാക്കപ്പ് ദിനത്തിൽ മടങ്ങിയത്' -ചെന്നൈയിലുള്ള നേഹ ഓർക്കുന്നു. തൃഷ മുഖ്യകഥാപാത്രമാകുന്ന 'ദ റോഡ്' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നേഹ. ട്രാൻസ് വിഷയങ്ങളല്ലാത്ത സിനിമകളിലും അഭിനയിക്കാനും നേഹക്ക് ഏറെ ഇഷ്ടമാണ്.
സംവിധായകൻ അഭിജിത്തും കൂട്ടുകാരും ചേർന്ന് ഗ്രൂപ് ഫൈവ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിൽ അതീസങ്കീർണമായ കഥാപാത്രത്തെ അതിമനോഹരവും ലളിതവുമായാണ് നേഹ വെള്ളിത്തിരയിൽ അനശ്വരമാക്കിയത്. ട്രാൻസ്ജൻഡറെ ജീവിതപങ്കാളിയായി സ്വീകരിച്ച ശേഷമുണ്ടായ താളപ്പിഴകളും മറ്റുമാണ് ചിത്രം പറയുന്നത്. മികച്ച അഭിനയ മുഹൂർത്തങ്ങളും സസ്പെൻസുകളും നിറഞ്ഞ 'അന്തരം' പ്രശസ്തമായ ജയ്പുർ ചലചിത്രോൽസവത്തിൽ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ദിനത്തിൽ നിറഞ്ഞ കൈയടിയോടെയാണ് ചിത്രം പ്രേക്ഷകർ സ്വീകരിച്ചത്.
കാഷിഷ് മുംബൈ ഇന്റർനാഷനൽ ക്വീർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായി ജൂൺ ഒന്നിന് 'അന്തരം' പ്രദർശിപ്പിക്കും. ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി. ജിയോ, രേണുക അയ്യപ്പൻ, എ. ശോഭില എന്നിവരാണ് നിർമാതാക്കൾ. ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ് എന്നിവർ സഹനിർമാതാക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.