വെറുപ്പ്, മരണം, ദൈന്യത; തിരശ്ശീലയിലെ അഞ്ച് യുദ്ധകാലങ്ങൾ

യുദ്ധവും കലാപവും എന്നും ചാനൽ റേറ്റിങ്ങുകൾ ആകാശത്തോളമെത്തിക്കുന്ന കൗതുകദൃശ്യ കാലമാണ്. പൊതുതിരഞ്ഞെടുപ്പുകൾപോലും അതുകഴിഞ്ഞേവരൂ.യുദ്ധകാലത്ത് നമ്മുക്ക് കിട്ടുന്ന വാർത്തകളിലധികവും പാതിവെന്ത നുണകളായിരിക്കും. ആവേശം കൊള്ളിക്കുന്നവയും ദയനീയത ഉണ്ടാക്കുന്നതുമായിരിക്കും ഇത്തരം വാർത്തകളിലധികവും. യുദ്ധമെന്ന തിന്മയെ മനസിലാക്കാൻ ഇത് പര്യാപ്തമാവണമെന്നില്ല. ന്യൂസ്റൂമുകളും പ്രേക്ഷകരും ഏതാണ്ട് സമാനമായൊരു ഉന്മാദത്തിലൂടെ കടന്നുപോകുന്ന കാലംകൂടിയാണ് യുദ്ധത്തി​ന്റേത്. യുദ്ധമൊക്കെ കഴിഞ്ഞ് വസ്തുതകൾ വെളിപ്പെടുമ്പോഴാണ് നാം കടന്നുപോയ ദുരവസ്ഥയുടെ കറുത്ത ചിത്രങ്ങൾ പുറത്തുവരുന്നത്.


യുദ്ധത്തിന്റെ തീവ്രതയും തിന്മയും അറിയാൻ വാർത്തകളേക്കാൾ നല്ലത് സിനിമകളാണെന്ന് തോന്നുന്നു. യുദ്ധ കാലങ്ങളെ ചിത്രീകരിക്കുന്ന നിരവധി മാസ്റ്റർപീസുകൾ സിനിമകളായി പിറന്നിട്ടുണ്ട്. സ്ക്രീനിൽ ഒരു ബോംബ് പോലും പൊട്ടിക്കാതെ യുദ്ധഭീകരത വെളിപ്പെടുത്തുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ'പോലുള്ള ക്ലാസികുകൾ മുതൽ, വെടിയുണ്ട ചീറിപ്പായുന രംഗങ്ങൾകൊണ്ട് സമൃദ്ധമായ സേവിങ് പ്രൈവേറ്റ് റയാൻവരെ ഇത്തരം സിനിമകളാണ്.

രണ്ട് ലോകമഹായുദ്ധങ്ങളാണ് മിക്കപ്പോഴും ഹോളിവുഡ് സിനിമകൾക്ക് വിഷയമാവുക. ബോളിവുഡും യുദ്ധ സിനിമകൾകൊണ്ട് സമ്പന്നമാണ്. ബോർഡർ പോലുള്ള ക്ലാസികുകളും ഉറി പോലുള്ള മോഡേൻ സിനിമകളും ഈ വിഷയകമായി ഹിന്ദിയിൽ പുറത്തിറങ്ങിയിട്ടുണ്ട്. മനുഷ്യർക്ക് പരസ്പരം ചെയ്യാവുന്ന ഏറ്റവും വലിയ തിന്മയാണ് യുദ്ധം. യുദ്ധം വിതക്കുന്ന നാശവും ഭീകരതയും സിനിമകളിലാണ് നമ്മുക്ക് കൂടുതൽ അനുഭവവേദ്യമാവുക. അത്തരം അഞ്ച് യുദ്ധസിനിമകളെ പരിചയപ്പെടാം.


1. ഫ്യൂരി: അധികം പറഞ്ഞുകേട്ടിട്ടില്ലാത്തതും എന്നാൽ മികവുള്ളതുമായ യുദ്ധ സിനിമയാണിത്. ടാങ്ക് യുദ്ധത്തിന്റെ ഭീകരത മനസിലാക്കാൻ ഫ്യൂരി കാണാവുന്നതാണ്. യുക്രയിനിൽ റഷ്യൻ ടാങ്കുകൾ വിനാശംവിതക്കുമ്പോൾ പ്രത്യേകിച്ചും. രണ്ടാം ലോക മഹായുദ്ധമാണ് സിനിമയുടെ പശ്ച്ചാത്തലം. ഫ്യൂരി എന്ന് വിളിപ്പേരുള്ള ടാങ്കിൽ നാസി ജർമനിയെ നേരിടുന്ന അമേരിക്കൻ സർജന്റാണ് സിനിമയിലെ നായകൻ. ബ്രാഡ് പിറ്റാണ് പ്രധാന കഥാപാത്രമായ സർജന്റ് ഡോൺ കോളിയറെ അവതരിപ്പിച്ചിരിക്കുന്നത്. യുദ്ധമുഖത്ത് ടാങ്കുകൾ തമ്മിലുളള പ്രതിസിപ്പിക്കുന്ന പോരാട്ടം സിനിമ യഥാതഥമായി ചിത്രീകരിച്ചിട്ടുണ്ട്. സംവിധായകനായ ഡേവിഡ് ഏയർ സിനിമക്കായി 1945 കാലത്തെ ആയുധങ്ങളും യൂനിഫോമുകളുമെല്ലാം പുനസൃഷ്ടിച്ചിരുന്നു.


2. റാൻ : 'റാൻ' എന്നാൽ നാശമെന്നാണ് അർഥം. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധ സിനിമയെന്ന് നിരൂപകർ വാഴ്ത്തിയ സിനിമയാണ് റാൻ. സാക്ഷാൽ അകിര കുറസോവയുടെ മാസ്റ്റർപീസാണിത്. യുദ്ധത്തിന്റെ സിനിമാറ്റിക് ഫിലൊസോഫിക്കൽ വകഭോദമാണ് റാൻ. വില്യം ഷേക്സ്പിയറിന്റെ കിങ് ലിയറിനെ അടിസ്ഥാനമാക്കിയാണ് റാൻ ഒരുക്കിയിരിക്കുന്നത്. 1985ലാണ് സിനിമ റിലീസ് ചെയ്തത്. 70കാരനായ രാജാവിന്റേയും മൂന്ന് മക്കളുടേയും കഥയാണ് റാൻ പറയുന്നത്.

3. ദി തിൻ റെഡ് ലൈൻ: ഇതൊരു വാർ ഡ്രാമ സിനിമയാണ്. ​സേവിങ് പ്രൈവേറ്റ് റയാനൊപ്പം 1988ലാണീ സിനിമ പുറത്തിറങ്ങുന്നത്. സേവിങ് പ്രൈവേറ്റ് റയാൻ യുദ്ധത്തിന്റെ തീക്ഷ്ണത പറഞ്ഞപ്പോൾ യുദ്ധമുഖത്തെ മനുഷ്യരെക്കുറിച്ചാണ് ദി 'തിൻ റെഡ് ലൈൻ'സംസാരിച്ചത്. അതെ, ഇതിൽ യുദ്ധത്തേക്കാൾ അത് ബാധിച്ച മനുഷ്യരെയാണ് നമ്മുക്ക് കാണാനാവുക. രണ്ടാം ലോക മഹായുദ്ധമാണ് സിനിമയുടെ കാലം. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും അതിമനോഹരമായ ദൃശ്യങ്ങൾകൊണ്ട് സമ്പന്നമാണ് സിനിമ.

യു.എസ് ആർമിയിൽ നിന്ന് ഒളിച്ചോടിയ സൈനികനായ പ്രൈവേറ്റ് വിറ്റ് നിർബന്ധപൂർവ്വം തിരിച്ചുകൊണ്ടുവരപ്പെടുന്നതും പിന്നീടിയാൾ ബാറ്റിൽ ഓഫ് ഗ്വാഡൽകനാലിൽ പ​ങ്കെടുക്കുന്നതുമാണ് ചിത്രത്തിലുള്ളത്. ജാപ്പനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ദ്വീപ് പിടിച്ചെടുക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. യുദ്ധമുഖത്തുള്ള സൈനികരുടെ ജീവിതത്തോടും മരണത്തോടുമുള്ള പോരാട്ടം ദി തിൻ റെഡ് ലൈൻ കാണിച്ചുതരുന്നുണ്ട്.


4. സേവിങ് പ്രൈവേറ്റ് റയാൻ: ആമുഖം വേണ്ടാത്ത യുദ്ധ സിനിമയാണ് സേവിങ് പ്രൈവേറ്റ് റയാൻ. സ്റ്റീവൻ സ്പീൽബർഗിന്റെ മാസ്റ്റർപീസ്, ടോം ഹാങ്ക്സിന്റെ ക്ലാസിക് പെൻഫോമൻസ് എന്നീ പ്രത്യേകതകൾകൊണ്ട് ലോക പ്രശസ്തമാണ് ഈ സിനിമ. യുദ്ധമിങ്ങിനെ കൺമുന്നിൽ കാണാൻ സേവിങ് പ്രൈവേറ്റ് റയാനിലേക്ക് പോയാൽ മതി. തുടക്കത്തിലെ ഒമാഹ സീക്വൻസ് മുതൽ കാഴ്ച്ചക്കാർ യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടും.

യുദ്ധകാലത്ത് നടക്കുന്ന ഒരു രക്ഷാദൗത്യമാണ് സിനിമ പറയുന്നത്. പ്രൈവേറ്റ് ജെയിംസ് റയാൻ എന്ന ചെറുപ്പക്കാരനായ പട്ടാളക്കാരനെയാണ് രക്ഷിക്കേണ്ടത്. ഇയാളുടെ മൂന്ന് സഹോദരന്മാർ ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ആ കുടുംബത്തിൽ നിന്ന് ഒരാളെയെങ്കിലും ജീവനോടെ രക്ഷപ്പെടുത്തണം എന്ന് പട്ടാള മേധാവിമാർ തീരുമാനിക്കുന്നു. അങ്ങിനെ റയാനെ തിരക്കി ക്യാപ്ടർ ജെയിംസ് മില്ലറും സംഘവും നടത്തുന്ന യുദ്ധമുഖങ്ങളിലൂടെയുള്ള യാത്രയാണ് സിനിമ പറയുന്നത്. ക്യാപ്ടർ ജെയിംസ് മില്ലറായി ടോം ഹാങ്ക്സ് വേഷമിടുന്നു.


5.അപ്പോ കാലിപ്സ് നൗ: റോട്ടൻ ടൊമാറ്റോസിൽ 98ശതമാനം നിരൂപക പ്രശംസയുള്ള സിനിമയാണ് അപ്പോ കാലിപ്സ്നൗ. ഫ്രാൻഷ്യസ് ഫോർഡ് കപ്പോള എന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ ഒരുക്കിയ സിനിമയാണിത്. മർലിൻ ബ്രാൻഡോയുടെ പ്രകടനംകൊണ്ട് ശ്രദ്ധേയവുമാണ് സിനിമ. പക്ഷെ, സാംമ്പ്രദായിക രീതിയിലുള്ള യുദ്ധസിനിമയല്ല ഇതെന്ന് കണ്ട് തുടങ്ങുമ്പോൾ മനസിലാകും. മൂന്നേകാൽ മണിക്കൂറുള്ള സിനിമ ചിലപ്പോൾ മടുപ്പിക്കാനിടയുണ്ട്. സിനിമയെ ഗൗരവമായി കാണുന്നവർക്കുള്ളതാണ് അപ്പോ കാലിപ്സ് നൗ.

വിയറ്റ്നാം യുദ്ധ പശ്ച്ചാത്തലത്തിൽ കേണൽ കുർട്സിനെ അന്വേഷിച്ച് ക്യാപ്ടൻ വില്ലാർഡ് നടത്തുന്ന യാത്രയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പൂർണ ഭ്രാന്തനായി മാറിയ കുർട്സിനെ തേടിയെത്തുന്നവർക്ക് മുന്നിൽ തുറക്കുന്നത് ഇരുട്ടിന്റെ, ഭീകരതയുടെ ലോകമാണ്.

Tags:    
News Summary - Five Movies That Experience the Evil of War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.