മികച്ച സിനിമകളുടെ പട്ടികയുമായി ഫോർബ്സ് ഇന്ത്യ; മലയാളത്തിൽനിന്ന് രണ്ട് ചിത്രങ്ങൾ

ഈ വർഷത്തെ മികച്ച 10 സിനിമകളുടെ പട്ടികയുമായി ഫോർബ്സ് ഇന്ത്യ. പട്ടികയിൽ രണ്ട് മലയാളം സിനിമകളും ഇടംപിടിച്ചു. റോഷാക്കും ന്നാ താൻ കേസ് കൊടും ആണ് മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച സിനിമകൾ. വിവിധ ഭാ​ഷകളിലായി ഇറങ്ങിയ സിനിമകൾ പട്ടികയിലുണ്ട്.

രാജമൗലിയുടെ 'ആർ.ആർ.ആർ', അമിതാഭ് ബച്ചന്റെ ​'ഗുഡ്ബൈ', സായ് പല്ലവിയുടെ ​'ഗാർഗി' ആലിയ ഭട്ടിന്റെ ​'ഗം​ഗുഭായ്' എന്നീ ഇന്ത്യൻ സിനിമകളും ലിസ്റ്റിലുണ്ട്. 'ദ സ്വിമ്മേർസ്', 'എവരിതിങ് എവരിവെയർ ആൾ അറ്റ് ഒൺ', 'പ്രിസണേഴ്സ് ഓഫ് ​ഗോസ്റ്റ്ലാന്റ്', 'ടിൻഡർ സ്വിൻഡ്ലർ', 'ഡൗൺ ഫാൾ : ദ കേസ് എ​ഗൈൻസ് ബോയ്ങ്'- എന്നിവയാണ് മറ്റ് മികച്ച ചിത്രങ്ങൾ.

അത്രയും മൂർച്ചയുള്ളതും രസകരവുമായ സിനിമ എന്നാണ് ന്നാ താൻ കേസ് കൊട് സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. മികച്ച എഴുത്തും ആക്ഷേപഹാസ്യവും സിനിമയുടെ പ്രത്യേകതയാണ്. ദൈനംദിന ജീവിതത്തിൽ ചുവപ്പുനാടയും അഴിമതിയും എങ്ങനെയാണ് തടസങ്ങൾ തീർക്കുന്നതെന്നാണ് സിനിമ പറയുന്നത്. കുഞ്ചാക്കോ ബോബന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ, വർഷങ്ങൾ കഴിയുമ്പോൾ ശക്തമായി വരുന്നതായും തീർച്ചയായും കാണേണ്ട സിനിമയാണ് ഇതെന്നും ലേഖകൻ പറയുന്നു.


സംവിധായകൻ നിസാം ബഷീറിന്റെ രണ്ടാമത് ചിത്രമായ 'റോഷാക്ക്' തിയേറ്ററുകളിൽ വൻ വിജയമാണ് കൈവരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകരുടെ കയ്യടി വാങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്. ഒടിടി റിലീസ് ചെയ്ത ശേഷവും ഇന്ത്യ ഒട്ടാകെ നല്ല പ്രതികരണം ചിത്രത്തിന് ലഭിച്ചു.


തന്റെ കഥാപാത്രമായ ലൂക്ക് ആന്റണിയിലൂടെ മമ്മൂട്ടിക്ക് കോപവും നിസ്സഹായതയും സങ്കടവും വികാരങ്ങളും എല്ലാം ഫലപ്രദമായി പങ്കുവയ്ക്കാൻ കഴിഞ്ഞു. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ സ്വയം വേറിട്ടുനിൽക്കുന്നു. കുടുംബത്തിന്റെ യശസ്സ് കാത്തുസൂക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന അമ്മയെന്ന നിലയിൽ ബിന്ദു പണിക്കരിൽ തുടങ്ങി, തനിക്കുനേരേവരുന്ന വെല്ലുവിളികളെ നേരിടാൻ ശ്രമിക്കുന്ന കർക്കശക്കാരിയായ സ്ത്രീയായി ഗ്രേസ് ആന്റണി വരെ സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്-മാസിക വിലയിരുത്തുന്നു.

Tags:    
News Summary - From RRR To Everything Everywhere All At Once, Best Movies We Watched This Year: Forbes India Rewind 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.