ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ജോജി'യെ പുകഴ്ത്തി ബോളിവുഡ് നടൻ ഗജ്‍രാജ് റാവു. മലയാള ചിത്രത്തെ അഭിനന്ദിച്ചതിനൊപ്പം ബോളിവുഡിനെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഇൻസ്റ്റഗ്രാമിൽ കത്ത് രൂപത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഗജ്‍രാജ് 'ജോജി'യെയും അണിയറ പ്രവർത്തകരെയും ഏറെ പ്രശംസിച്ചിരിക്കുന്നത്.
പ്രിയ ദിലീഷ് പോത്താനും മറ്റ് മലയാള ചലച്ചിത്ര പ്രവർത്തകർക്കും പ്രത്യേകിച്ച് ഫഹദ് ഫാസിലിനും എന്ന മുഖവുരയോടെയാണ് കത്ത് ആരംഭിക്കുന്നത്. അടുത്തിടെ 'ജോജി' കണ്ടു. ഇനി മതി, നിങ്ങൾ നിരന്തരം യഥാർത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാർത്ഥതയോടെ നടപ്പാക്കുന്നതും നല്ല സിനിമയാക്കുന്നതും ശരിയല്ല. മറ്റ് പ്രാദേശിക സിനിമകളിൽ നിന്ന് നിങ്ങൾ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇവിടെ ഹിന്ദിയിൽ നിന്നും. നിങ്ങളുടെ മാർക്കറ്റിങ് കാമ്പയിനുകളും പ്രൊമോഷൻ പരിപാടികളും എവിടെ? ആത്മാവില്ലാത്ത റീമേക്കുകൾ എവിടെ? ബോക്സ്ഓഫീസ് ഭ്രമം എവിടെ? -എന്ന് ചോദിച്ച് ബോളിവുഡിനെ പരിഹസിക്കുകയും ചെയ്യുന്നു അദ്ദേഹം.
കോവിഡ് മഹാമാരിയില്ലാത്ത കാലത്ത് നിങ്ങളുടെ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണുമെന്ന് പറഞ്ഞ് കത്ത് നിർത്തുന്ന ഗജ്‍രാജ് റാവു, തമാശയിൽ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത് ഫഹദ് ഫാസിൽ ഫാൻ ക്ലബ് ഉത്തര മേഖല ചെയർമാൻ എന്നാണ്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.