നടൻ സൂര്യക്ക് വലിയൊരു വിജയം സമ്മാനിച്ച ചിത്രമാണ് ഗജിനി. 2005 ൽ എ. ആർ മുരുകദോസ് സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. പിന്നീട് 2008 ൽ ആമിർ ഖാനെ നായകനാക്കി ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തിരുന്നു. തമിഴിലേതു പോലെ ചിത്രം ഹിന്ദിയിലും വൻ വിജയമായിരുന്നു. അസിൻ, നയൻതാര എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ.
വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. ആമിറിനും സൂര്യക്കും രണ്ടാം ഭാഗത്തിന്റെ കഥ ഇഷ്ടമായെന്നും തമിഴിലും ഹിന്ദിയിലും ചിത്രം ഒന്നിച്ച് പ്രദർശനത്തിനെത്തുമെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഈ വാർത്തകളെ തള്ളിയിരിക്കുകയാണ് നിർമാതാക്കളായ അല്ലു അരവിന്ദും മധു മണ്ടേനയും. ഗജിനിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് നിർമാതാക്കൾ സൂമിനോട് പറഞ്ഞു. 'നിലവിൽ ഗജിനി 2നെക്കുറിച്ച് പദ്ധതിയില്ല. ആമിർ ഖാനെ വീണ്ടും ആ കഥാപാത്രമായി കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ ഞങ്ങൾക്ക് മനസിലാകും. ഇപ്പോൾ ഹിന്ദിയിലും തമിഴിലും ചിത്രമൊരുക്കാൻ പദ്ധതിയില്ല. പക്ഷെ എന്നെങ്കിലും ഗജിനിയുടെ രണ്ടാം ഭാഗം സംഭവിക്കുകയാണെങ്കിൽ സൂര്യയും ആമിർ ഖാനും മാത്രമായിരിക്കും ആ കഥാപാത്രങ്ങളിൽ എത്തുക'- ഗജിനിയുടെ സഹനിർമാതാവായ മധു മണ്ടേന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.