മുംബൈ: തമിഴിലും ഹിന്ദിയിലും ഒരുപോലെ തരംഗമായ ചിത്രമാണ് ഗജിനി. തമിഴ് സൂപ്പർ സ്റ്റാർ സൂര്യയെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ വൻ വിജയമായിരുന്നു. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയും ചെയ്തു ഈ ചിത്രം. 2005 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് 2008 ൽ ആമിർ ഖാനെ നായകനാക്കി ഹിന്ദിയിൽ റീമേക്കുമായി മുരുകദോസ് രംഗത്തെത്തിയത്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന വാർത്തകൾ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്.
ഇപ്പോഴിതാ, ‘ഗജിനി 2’ന്റെ ആശയം കൈയിലുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുരുഗദോസ്. കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചപോലെ നടന്നാൽ രണ്ടാം ഭാഗം പുറത്തിറങ്ങും. സിനിമയുടെ ആശയം മനസ്സിലുണ്ട്. എന്നാൽ, പൂർണ തിരക്കഥ തയാറായിട്ടില്ല. രണ്ടാം ഭാഗം തമിഴിലും ഹിന്ദിയിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽനിന്ന് മാത്രം 100 കോടി നേടിയ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ഗജിനി. ക്രിസ്റ്റഫർ നോളന്റെ ‘മെമെന്റോ’ എന്ന ചിത്രത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് മുരുഗദോസ് തമിഴിൽ ചെയ്ത ചിത്രമായിരുന്നു ഗജിനി. സൂര്യ, അസിൻ, നയൻതാര, റിയാസ് ഖാൻ തുടങ്ങിയവരായിരുന്നു മുഖ്യവേഷങ്ങളിൽ. കഴിഞ്ഞമാസം, ചിത്രത്തിന്റെ നിർമാതാവായ അല്ലു അരവിന്ദും ഗജിനിയുടെ രണ്ടാം ഭാഗം വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർച്ചയുണ്ടാകുന്നത് സിനിമകൾക്ക് പുതുജീവൻ നൽകുമെന്ന് മുരുഗദോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.