സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം. ഹോളിവുഡിൽ നിന്നുൾപ്പടെ വമ്പൻ താരനിര. റിലീസിന് മുന്നേ റെക്കോർഡുകൾ തിരുത്തി കുറിച്ച ചിത്രം. മോഹൻലാലിന്‍റെ താരമൂല്യം ഉയർത്തുന്ന മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
എമ്പുരാന്‍റേ ഓരോ അപേഡേറ്റും വൻ ട്രെൻഡിങ്ങാണ്. റിലീസും ടിക്കറ്റ് ബുക്കിങ്ങുമാണ് പ്രധാന ചർച്ചാവിഷയം. മാർച്ച് 27ന് തിയറ്ററിലെത്തുന്ന ചിത്രം ബുക്കിങ്ങിൽ കളക്ഷൻ റെക്കോഡ് ഭേദിച്ച് കഴിഞ്ഞു. ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂർ തികയും മുന്നേ 96000ത്തിലധികം ടിക്കറ്റുകൾ വിറ്റു പോയി. സെർവറുകൾ വരെ ക്രാഷാക്കിയ ടിക്കറ്റ് ബുക്കിങ്ങ്. ചെകുത്താന്‍റെ വരവിനായി ആരാധകർ കാത്തിരിക്കുമ്പോൾ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മണിക്കൂറിൽ ഏറ്റവും കൂടുതൽ പ്രീസെയിൽ ടിക്കറ്റ് ബുക്കിങ് നേടിയ ചിത്രമായി മാറിയിരിക്കുന്നു എമ്പുരാന്‍. ഒട്ടുമിക്ക തിയറ്ററുകളിലും എമ്പുരാൻ തന്നെയാണ് ആദ്യ ഷോയായി ചാർട്ട് ചെയ്തിരിക്കുന്നത്.
മോളിവുഡിലെ എക്കാലത്തെയും വലിയ ചിത്രമായി എത്തുകയാണ് എമ്പുരാൻ. തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലെത്തിയ ലിയോയെക്കാൾ മൂന്ന് ഇരട്ടിയാണ് എമ്പുരാന്‍റെ ഫിഗർ. 1,26,000 ടിക്കറ്റുകൾ മാത്രമായിരുന്നു ലിയോ ആദ്യദിനം ബുക്കിങ്ങിലൂടെ വിറ്റുപോയത്. കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ വിജയമായ പ്രഭാസ് ചിത്രം കൽക്കി 2898 എ.ഡിയാണ് എമ്പുരാന്‍റെ തൊട്ടുപിന്നിലുള്ളത്. 3,30,000 ടിക്കറ്റുകൾ മാത്രമേ കൽക്കിയുടേതായി ആദ്യദിന ബുക്കിങ്ങിൽ വിറ്റഴിക്കപ്പെട്ടത്. ഇതിന്‍റെ ഇരട്ടി നേട്ടം സ്വന്തമാക്കുന്ന എമ്പുരാൻ മലയാള സിനിമയുടെ തന്നെ ചരിത്രമാണ്. എമ്പുരാൻ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്.
ഐമാക്‌സിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ. ലൂസിഫർ ഫ്രാഞ്ജയിസിലെ മൂന്ന് ചിത്രങ്ങളും അനമോർഫിക് ഫോർമാറ്റിലാണ് ചിത്രികരിച്ചിരിക്കുന്നത്. സാധാരണ സ്ക്രീനിന്‍റെ റേഷ്യോ അല്ല സംവിധായകൻ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്‍റെ ആസ്പറ്റ് റേഷ്യോ 2.8:1 ആയിരിക്കുമെന്നും നേരത്തെ പറഞ്ഞിട്ടുണ്ട്.
എന്താണ് ഐമാക്‌സ്? സാധാരണ സ്ക്രീനുകളേക്കാൾ ക്ലാരിറ്റിയുള്ള, ഉയരമുള്ള സ്ക്രീനുകളുള്ള ഹൈ റസല്യൂഷനിൽ ലാർജ് ഫിലിം ഫോർമാറ്റിലുള്ള ചിത്രങ്ങളാണ് ഐമാക്‌സിൽ സാധ്യമാകുന്നത്. ലോകത്ത് ആകെ 80 രാജ്യങ്ങളിലായി 1711 സ്ക്രീനുകളാണ് ഐമാക്‌സിനുള്ളത്. ഇന്ത്യയിലാകട്ടെ 28 സ്ക്രീനുകളും കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമായി 2 തിയറ്ററുകളാണ് ഐമാക്‌സിനുള്ളത്. ഏത് സീറ്റിലിരുന്നാലും ഒപ്റ്റിമൽ വ്യൂ ഉറപ്പാണ്.
ഇതിന് പുറമെ ചിത്രത്തിലെ കമിയോ റോളുകളിൽ മലയാളത്തിലെയും മറ്റ് ഭാഷകളിലെയും പല സൂപ്പർതാരങ്ങളുടെയും പേരുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നുണ്ട്. വെള്ള വസ്ത്രമിട്ട ഒരാള്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന കാരക്ടർ പോസ്റ്റര്‍ ഏറെ ചർച്ചയായി. അയാളുടെ പിന്നില്‍ ഡ്രാഗണിന്റെ ചിത്രവുമുണ്ടായിരുന്നു. ഇത് മമ്മൂട്ടിയായിരിക്കുമോ എന്ന തരത്തിലുള്ള ചർച്ചകൾ വരെയുണ്ടായി. അത് മമ്മൂട്ടിയല്ലെന്ന് മോഹൻലാൽ തന്നെ വ്യക്തമാക്കി. പിന്നെ ആരാണയാൾ?
എമ്പുരാനിൽ പോസ്റ്ററിലും ടീസറിലും ട്രെയ്‌ലറിലുമെല്ലാം നിറഞ്ഞ് നിൽക്കുന്നതാണ് ഇല്ലുമിനാട്ടിയുടേത് എന്ന രീതിയിൽ പറയപ്പെടുന്ന സിംബലുകൾ. എന്താണ് ഈ സിംബലുകൾ എന്ന് ആരാധകരും അന്വേഷിക്കുകയാണ്. എമ്പുരാൻ പോലെ മലയാളികൾ ഇത്ര കാത്തിരുന്ന ഒരു ചിത്രം ഈയടുത്തൊന്നും ഉണ്ടായിട്ടില്ല. നമുക്ക് അറിയാത്ത ഒരു അധ്യായം സ്റ്റീഫന്‍റെ ജീവിതത്തിലുണ്ടെന്ന് ജതിൻ രാമദാസ് പറയുമ്പോൾ ഊഹിക്കാവുന്നതേയുള്ളു എബ്രാഹാം ഖുറേഷിയുടെ റേഞ്ച്.
സ്റ്റീഫന് ചുറ്റും വികസിക്കുന്ന ഒരു ലോകമുണ്ടെന്ന് മുരളി ഗോപിയും പറയുന്നു. ടർക്കി, ലണ്ടൻ, ഫ്രാൻസ്, സിനിഗൽ, യെമൻ, ചൈന, ഇറാഖ് എന്നിങ്ങനെ ഏഴ് രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്നതാണ് എമ്പുരാന്‍റെ കഥ. ചിത്രത്തിന്‍റെ ട്രെയിലറും പോസ്റ്ററും നിമിഷനേരം കൊണ്ടാണ് ട്രന്‍റിങ്ങിൽ ഇടം പിടിക്കുന്നത്. കാത്തിരിക്കാം എമ്പുരാനായി...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.