എങ്ങനെ കോഴിക്കോട്ടേക്ക് വരാതിരിക്കും; സ്നേഹം കൂടിയിട്ടേയുളളൂ- ഗ്രേസ് ആന്റണി

കോഴിക്കോടുകാരുടെ സ്നേഹത്തെ കുറിച്ച് ഗ്രേസ് ആന്റണി. പടച്ചോനെ ങ്ങള് കാത്തോളി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഹൈലൈറ്റ് മാളിൽ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.  കഴിഞ്ഞ സെപ്റ്റംബറിൽ ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയപ്പോൾ, നടിക്ക് മോശമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. ഈ സംഭവത്തിൽ നടിക്ക് പൂർണ പിന്തുണയുമായി ജനങ്ങൾ കൂടെയുണ്ടായിരുന്നു. ഇതിന് ശേഷം ആദ്യമായിട്ടാണ് ഗ്രേസ് വീണ്ടും ഹൈലൈറ്റിൽ എത്തുന്നത്.

വീണ്ടും വരുമെന്ന് വിചാരിച്ചില്ലെന്നും ഏതോ വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന് എങ്ങനെയാണ് ഇത്രയും ആളുകളുടെ സ്നേഹം കണ്ടില്ലെന്നുവെക്കുന്നതെന്നും നടി പറഞ്ഞു. കൂടാതെ ആ സംഭവത്തിന് ശേഷം കോഴിക്കോട്ടുകാർക്ക് തന്നോടുള്ള സ്നേഹം കൂടിയിട്ടേയുള്ളൂവെന്നും കൂട്ടിച്ചേർത്തു.

''കഴിഞ്ഞ തവണ ഇവിടെ നിന്നു പോയപ്പോൾ ഒരിക്കലും വിചാരിച്ചില്ല ഒരു വരവ് കൂടി വരേണ്ടി വരുമെന്ന്. പക്ഷേ ഒരുപാട് സന്തോഷമുണ്ട് ഞങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ പടച്ചോന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇവിടെ വന്നതിന്. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ പടച്ചോനെ ങ്ങള് കാത്തോളണെ എന്ന് പറഞ്ഞാണ് പോന്നത്.

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അപ്രതീക്ഷതമായി നല്ലതും മോശം കാര്യങ്ങളും സംഭവിക്കാറുണ്ട്. ഏതോ ഒരു വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന് എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്നേഹം കണ്ടില്ലെന്ന് വെക്കുന്നത്. അതുകൊണ്ടാണ് വീണ്ടും കോഴിക്കോടിന് വരാനുള്ള അവസരം വന്നപ്പോൾ വേണ്ടെന്ന് വെക്കാതിരുന്നത്. ആ സംഭവത്തിന് ശേഷം കോഴിക്കോടുകാർക്ക് എന്നോടുള്ള സ്നേഹം കൂടിയിട്ടേയുളളൂ; ഗ്രേസ് ആന്റണി പറഞ്ഞു.

കോഴിക്കോട് ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. നല്ല ഭക്ഷണം കിട്ടും. മാത്രമല്ല പടച്ചോൻ സിനിമയുടെ പ്രൈവറ്റ് ഇവന്റും ചിത്രീകരണവും ഇവിടെ നിന്നാണ് ആരംഭിച്ചത്. ''–ഗ്രേസ് ആന്റണി വ്യക്തമാക്കി.

Tags:    
News Summary - Grace Antony Opens Up About Kozhicode People's Love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.