ഇന്ത്യൻ സിനിമാ ലോകത്ത് വൻ ചർച്ചയാവുകയാണ് മലയാള സിനിമ. ഈ വർഷം പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും വൻ വിജയമായിരുന്നു. ഇതര ഭാഷ സിനിമ പ്രേമികൾ പോലും മലയാള സിനിമയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആവേശം, ആടുജീവിതം തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യൻ സിനിമാ ലോകത്തുണ്ടാക്കി ഓളം ഇനിയും അവസാനിച്ചിട്ടില്ല.
ഇപ്പോഴിതാ ടിക്കറ്റ് ബുക്കിങ്ങിലും വൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാള സിനിമ. ബുക്ക് മൈ ഷോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പൃഥ്വിരാജ് ചിത്രമായ ഗുരുവായൂരമ്പല നടയിൽ ആണ് പ്രീബുക്കിങ്ങിൽ ഏറ്റവും മുന്നിൽ. 92,000 ടിക്കറ്റുകളാണ് വിറ്റുപോയത്. 24 മണിക്കൂറിലെ കണക്കാണിത്.മേയ് 16 ന് റിലീസ് ചെയ്ത ചിത്രം ആഗോള ബോക്സോഫീസിൽ 50 കോടി നേടിയിട്ടുണ്ട്.
രണ്ടാം സ്ഥാനത്ത് മമ്മൂട്ടി ചിത്രം ടർബോയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. മേയ് 23 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 24 മണിക്കൂറിനുള്ളിൽ 27,000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. കേരളത്തിൽ 300-ലധികം തിയറ്ററുകളിലാണ് ടർബോ എത്തുന്നത്.കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്.
ബുക്ക് മൈ ഷോയിൽ മൂന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം ശ്രീകാന്ത് ആണ്. 24,000 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. നാലാമത് ഹോളിവുഡ് ചിത്രം കിങ്ഡം ഓഫ് ദി പ്ലാനെറ്റ് ഓഫ് ദി ആപ്സ് ആണ്. 10,000 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത് . അരൺമനൈ 4- ഒൻപതിനായിരം, ദ ഗാർഫീൽഡ് സിനിമ- ആറായിരം, സ്റ്റാർ- അയ്യായിരം, ഇങ്കൈ നാൻ താൻ കിംഗ്- അയ്യായിരം, മാഡ് മാക്സ് ഫ്യൂരിയോസ് അയ്യായിരം( പ്രീ സെയിൽ) എന്നിങ്ങനെയാണ് മറ്റു ചിത്രങ്ങളുടെ ബുക്കിങ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.