കോഴിക്കോട്: ടോവിനോ തോമസിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'കാണെക്കാണെ'യുടെ ട്രെയിലർ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് സെലിബ്രിറ്റികൾ. ക്രിക്കറ്റ് താരം ഹർഭജൻ സിങ്, ബോളിവുഡ് താരങ്ങളായ മനോജ് ബാജ്പേയ്, ശോഭിത ധൂലിപാല എന്നീ പ്രമുഖരാണ് ചിത്രത്തന്‍റെ ആകാംക്ഷയുണർത്തുന്ന ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിക്ക് പിന്നാലെ ഒ.ടി.ടി റിലീസിനൊരുങ്ങുന്ന ടൊവിനോ തോമസ് ചിത്രമാണ് 'കാണെക്കാണെ'.
സെപ്റ്റംബർ 17ന് സോണി ലിവിലൂടെയാണ് ടോവിനോക്കൊപ്പം സുരാജ് വെഞ്ഞാറമൂടും സുപ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദേശീയ തലത്തിൽ നിരവധി താരങ്ങളാണ് ട്രെയിലറിനെ പുകഴ്ത്തി രംഗത്തെത്തിയത്. അണിയറപ്രവർത്തകർക്ക് ആശംസകൾ നേർന്ന ഹർഭജൻ വെള്ളിയാഴ്ച ചിത്രം കാണാനായി കാത്തിരിക്കുകയാണെന്ന് ട്വിറ്ററിൽ കുറിച്ചു.
വിജയചിത്രമായ 'ഉയരേ' ഒരുക്കിയ മനു അശോകൻ ആണ് സംവിധാനം. ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിെൻറ ബാനറില്‍ ടി.ആര്‍ ഷംസുദ്ധീനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, അലോഖ്, ബിനു പപ്പു, ശ്രുതി ജയന്‍, ധന്യ മേരി വര്‍ഗീസ്സ് എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ബോബി സഞ്ജയ് കൂട്ടുകെട്ടാണ്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല – ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ മേക്കപ്പ് ജയന്‍ പൂങ്കുന്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.