ഹേമ കമീഷൻ: തുല്യവേതനം ഉറപ്പുവരുത്തണം

തിരുവനന്തപുരം: സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്രാ സൗകര്യങ്ങൾ ഒരുക്കരുതെന്നും ഇക്കാര്യം നിർമാതാക്കൾ ശ്രദ്ധിക്കണമെന്നും ഹേമ കമീഷൻ റിപ്പോർട്ടിലെ ശിപാർശ.

സിനിമാ പ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിൽ മദ്യവും മയക്കുമരുന്നും പാടില്ലെന്നും ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ ഷൂട്ടിങ് സ്ഥലത്ത് നിയമിക്കരുതെന്നും കമീഷൻ ശിപാർശ ചെയ്യുന്നു. സിനിമയിൽ തുല്യവേതനം ഉറപ്പാക്കണമെന്ന സുപ്രധാനമായ നിർദേശവും റിപ്പോർട്ടിലുണ്ട്.

സിനിമ മേഖലയിൽ എഴുതി തയാറാക്കിയ കരാർ നിർബന്ധമാക്കണം. സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കരുത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഓഡിഷന് നിയന്ത്രണം വേണം. ബന്ധപ്പെട്ട സംഘടനയിൽ രജിസ്റ്റർ ചെയ്ത നിർമാതാവിന് മാത്രമേ ഓഡിഷൻ നടത്തുന്നതിനുള്ള അധികാരമുണ്ടാകാവൂ. സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം തടയാൻ നടപടി സ്വീകരിക്കണം. സിനിമ മേഖലയിലെ സ്ത്രീകളെ സമൂഹ മാധ്യമങ്ങളിലൂടെയും ഫാൻസ് ക്ലബുകളിലൂടെയും മറ്റുതരത്തിലും അവഹേളിക്കുന്നത് തടയാൻ നടപടി വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.

റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം ചർച്ച ചെയ്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വർഷം മുമ്പാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ, റിപ്പോർട്ടിൽ തുടർ ചർച്ചയല്ല, നിയമം കൊണ്ടുവരുകയാണ് ചെയ്യേണ്ടതെന്ന നിലപാട് ഡബ്ല്യു.സി.സി കൈക്കൊണ്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സംസ്ഥാന സർക്കാറിനെ ദേശീയ വനിത കമീഷൻ വിമർശിച്ചിരുന്നു. ഇക്കാര്യത്തില്‍ 15 ദിവസത്തിനുള്ളില്‍ പ്രതികരണം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് ദേശീയ വനിത കമീഷൻ കത്തും നൽകിയിരിക്കുകയാണ്.

മറുപടി ലഭിച്ചില്ലെങ്കില്‍ സമിതിയെ നിയോഗിച്ച് സ്വതന്ത്ര അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കില്‍ താന്‍തന്നെ കേരളത്തിലേക്ക് പോകുമെന്നും ചെയർപേഴ്സൻ രേഖ ശർമ വ്യക്തമാക്കിയിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ പരാതിക്കാര്‍ക്ക് നല്‍കണമെന്നത് ചട്ടമാണെന്നും രേഖ ശർമ പറയുന്നു.

അതിനിടെ, റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സിതന്നെ ആവശ്യപ്പെട്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞതും വിവാദമായിരുന്നു. അതിന് പിന്നാലെയാണ് റിപ്പോർട്ടിന്മേൽ സർക്കാർതലത്തിൽ ചർച്ച വിളിച്ചത്.   

Tags:    
News Summary - Hema Commission: Equal pay should be ensured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.