ഹിന്ദി പ്രേക്ഷകരും 'കൊടുമൺ പോറ്റി'ക്കൊപ്പം; ചർച്ച‍യായി മമ്മൂട്ടിയുടെ 'ഭ്രമയുഗം',ബോളിവുഡിന് വെല്ലുവിളിയാകുമോ?

 പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. 2024 ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ കൊടുമൺ പോറ്റിക്കൊപ്പം അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റെ‍യും പ്രകടനവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നുണ്ട്.

ഇപ്പോഴിതാ ഭ്രമയുഗത്തെയും മമ്മൂട്ടിയുടെ പ്രകടനത്തെയും വാനോളം പുകഴ്ത്തി ഹിന്ദി പ്രേക്ഷകർ എത്തിയിരിക്കുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഭ്രമയുഗം പ്രേക്ഷകരോട് അങ്ങേയറ്റം നീതിപുലർത്തിയെന്നാണ് പറയുന്നത്.

ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ സസ്പെൻസും ത്രില്ലറും നിലനിർത്തുന്നുണ്ടെന്നും ബോളിവുഡ് ഇതൊക്കെ കണ്ടു പഠിക്കണമെന്നും ഭ്രമയുഗത്തിന്റെ പ്രദർശനത്തിന് ശേഷം പ്രേക്ഷകർ പറഞ്ഞു. കൂടാതെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിക്കുന്നുമുണ്ട്. സൂപ്പർ താരമായ മമ്മൂട്ടി ഇത്തരത്തിലൊരു കഥാപാത്രം ചെയ്യാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കണമെന്ന് അഭിപ്രായപ്പെടുന്നതിനൊപ്പം ഭ്രമയുഗം പോലുള്ള സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാ ലോകം വളരുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ചിത്രത്തിന് അഞ്ചിൽ നാല് റേറ്റിങ്ങാണ് ഹിന്ദി ഓഡിയൻസ് നൽകുന്നത്.

നേരത്തെ മമ്മൂട്ടിയുടെ സിനിമ തെരഞ്ഞെടുപ്പിനെ പുകഴ്ത്തി തമിഴ് പ്രേക്ഷകരും സിനിമാലോകവും എത്തിയിരുന്നു. സൂപ്പർസ്റ്റാറായ മമ്മൂട്ടി ഇങ്ങനെയൊരു വേഷത്തിന് സമ്മതം മൂളിയത് തങ്ങളെ അദ്ഭുതപ്പെടുത്തി എന്നാണ് ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം പ്രേക്ഷകരും കോളിവുഡ് സിനിമ പ്രവർത്തകരും അഭിപ്രായപ്പെട്ടത്.

 കാതലിന് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ഇന്ത്യൻ സിനിമാ ലോകത്ത് നിന്ന്  ലഭിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമകൾക്ക് മികച്ച സ്വീകാര്യതയാണ് ഹിന്ദി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഒ.ടി.ടി ഫ്ലാറ്റ്ഫോമുകൾ സജീവമായതോടെയാണ് മലയാള ചിത്രങ്ങൾ അധികം ബോളിവുഡിൽ ചർച്ചയാവാൻ തുടങ്ങിയത്.

മമ്മൂട്ടി, സിദ്ധാർഥ് ഭരതൻ, അർജുൻ അശോകൻ എന്നിവർക്കൊപ്പം അമാൽഡ ലിസും മണികണ്ഠനുമാണ് ഭ്രമയുഗത്തിലെ താരങ്ങൾ.  ചിത്രത്തിലെ താരങ്ങളെല്ലാം തങ്ങളുടെ ഭാഗം വളരെ മികച്ച രീതിയിലും കൈയടക്കത്തോടേയും  ചെയ്തുവെന്നാണ് പ്രേക്ഷക-നിരൂപക അഭിപ്രായം.

‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊ‍ഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

Tags:    
News Summary - Hindi audiences join in praise of Mammootty's 'Bramayugam'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.