ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ചിത്രമായിരുന്നു ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. മലയാളത്തിൽ മികച്ച പ്രേക്ഷക ശ്രദ്ധനേടിയ ചിത്രം പിന്നീട് മറ്റുഭാഷകളിലും പ്രദർശനത്തിനെത്തിയിരുന്നു. മലയാളത്തിലേത് പോലെ അന്യഭാഷകളിലും മികച്ച വിജയം നേടാൻ ദൃശ്യത്തിനായി.
ദൃശ്യം2 ന്റെ ഹിന്ദി പതിപ്പ് പ്രദർശനത്തിനെത്തിയിട്ടുണ്ട്. അജയ് ദേവ് ഗൺ, ശ്രേയ ശരൺ, തബു, അക്ഷയ് ഖന്ന എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം നവംബർ 18നാണ് തിയറ്ററുകളിൽ എത്തിയത്. ചെറിയ വിമർശനങ്ങൾ ഉയർന്നെങ്കിലും ആദ്യദിനം 15 കോടി രൂപയോളം കളക്ഷൻ നേടാൻ ചിത്രത്തിനായി.
മലയാളം ദൃശ്യം 2ന്റെ കാർബൺ കോപ്പിയെന്നാണ് ഹിന്ദി പതിപ്പിനെതിരെ ഉയർന്ന പ്രധാന വിമർശനം. കൂടാതെ കഥാപാശ്ചാത്തലവും കാഴ്ചക്കാരിൽ ചെറിയ കല്ലുകടി സൃഷ്ടിച്ചിട്ടുണ്ട്. മലയാളം പതിപ്പിന്റെ കഥ നടന്നത് കേരളത്തിലെ തൊടുപുഴയിലാണ്. ഗോവയുടെ പശ്ചാത്തലത്തിലാണ് അജയ് ദേവ് ഗണിന്റെ ദൃശ്യം ഒരുങ്ങിയത്. ഇത് കഥാഗതിയിൽ ചെറിയ ആശയ കുഴപ്പം സൃഷ്ടിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്
തിരക്കഥയെ ചുറ്റിപ്പറ്റി ചെറിയ വിമർശങ്ങൾ ഉയരുമ്പോഴും, ചിത്രം താരങ്ങളുടെ പ്രകടനം കൊണ്ട് കൈയടി നേടുന്നുണ്ട്. മോഹൻലാൽ അവിസ്മരണീയമാക്കി ജോർജ്ജുകുട്ടി എന്ന കഥാപാത്രത്തിനോട് നൂറ് ശതമാനം നീതി പുലർത്താൻ അജയ് ദേവ് ഗണിനായിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നടൻ അവതരിപ്പിച്ച വിജയ് സൽഗോങ്കർ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ നടന്റെ മികച്ച ചിത്രമാണിതെന്നും പ്രേക്ഷകർ പറയുന്നു. കൂടാതെ തബുവന്റെയും അക്ഷയ് ഖന്നയുടേയും കഥപാത്രങ്ങൾക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
ഇതിനോടകം 37- 39 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. രണ്ടാം ദിനം 22- 24 കോടി രൂപയാണ് ചിത്രം നേടിയത്. വളരെ പെട്ടെന്ന് തന്നെ 50 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ആമസോൺ പ്രൈമിലാണ് മലയാളം ദൃശ്യം2 പ്രദർശനത്തിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.