2015 ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു. 'ഹൃദയപൂർവം' എന്നാണ് ചിത്രത്തിന്റെ പേര്. സോഷ്യൽ മീഡിയ പേജിലൂടെ സംവിധായകൻ സത്യൻ അന്തിക്കാട് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഡിസംബറോട് കൂടി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
ഷൂട്ടിങ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളു. കഥക്ക് മുമ്പ് പേര് കിട്ടിയ ചരിത്രമാണ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിനുള്ളത്. “ അടുത്ത സിനിമ ഒരു കോളനിയുടെ പശ്ചാത്തലത്തിൽ ആയാലോ “ എന്ന് ചോദിച്ചപ്പോഴേക്കും ശ്രീനി പറഞ്ഞു… “ നമുക്ക് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന് പേരിടാം. ഒരു ഇന്ത്യൻ പ്രണയകഥയും ഞാൻ പ്രകാശനും ഷൂട്ടിങ്ങിന് മുമ്പേ കയറിവന്ന പേരുകൾ ആണ്.
പുതിയ ചിത്രം ഡിസംബറോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത് എങ്കിലും “ഹൃദയപൂർവ്വം” എന്ന പേര് നൽകുന്നു. മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിക്കുന്നത് എന്റെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. വീണ്ടും മോഹൻലാൽ എന്റെ നായകനാകുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. വളരെ രസകരമായ ഒരു കഥ എന്റെ മനസ്സിൽ രൂപപ്പെട്ടു കഴിഞ്ഞപ്പോൾ കൂടെയിരുന്ന് അത് തിരക്കഥയാക്കാനും സംഭാഷണങ്ങൾ എഴുതുവാനും "നൈറ്റ് കോൾ" എന്ന മനോഹരമായ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത സോനു ടി പി യെയാണ് തിരഞ്ഞെടുത്തത്. 'സൂഫിയും സുജാതയും', 'അതിരൻ' എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം ഏറെ പ്രിയപ്പെട്ട പ്രശാന്ത് മാധവും- സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.
2015 ൽ പുറത്തിറങ്ങിയ മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം 'എന്നും എപ്പോഴും' മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. മഞ്ജു വാര്യർ ആയിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2022 ൽ പുറത്തിറങ്ങിയ ' മകൾ' ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം. ജയറാമും മീരാ ജാസ്മിനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.