കുടിവെള്ളത്തിനായുള്ള മനുഷ്യന്റെ പോരാട്ടങ്ങളെ തിരശ്ശീലയിൽ അടയാളപ്പെടുത്തിയ സ്പാനിഷ് ചിത്രം ഉതമക്ക് 27ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം. 20 ലക്ഷവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. മികച്ച സംവിധായകനുള്ള രജതചകോരം ടർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെ മോഗ്ളൂവിനാണ്. ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയാകേണ്ടിവന്ന ചെറുപ്പക്കാരന്റെ ജീവിതം പ്രമേയമാക്കിയ കെർ എന്ന ചിത്രമാണ് മോഗ്ളൂവിനെ നാലുലക്ഷം രൂപയുടെ പുരസ്കാരത്തിന് അർഹനാക്കിയത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കമാണ് പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് സ്വന്തമാക്കി. നവാഗത സംവിധായകനുള്ള രജതചകോരവും ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും അറബിക് ചിത്രമായ ആലത്തിനാണ്. ഫിറാസ് ഹൗരിയാണ് സംവിധായകൻ. മണിപ്പൂരി സംവിധായകൻ റോമി മെയ്തെയ് സംവിധാനം ചെയ്ത 'അവർ ഹോം' ഫിപ്രസി രാജ്യാന്തര പുരസ്കാരവും നെറ്റ്പാക് സ്പെഷൽ ജൂറി പരാമർശവും നേടി.
നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്കാരം വി.എസ്. ഇന്ദു സംവിധാനം ചെയ്ത മലയാള ചിത്രം 19 (1 )(എ) നേടി. ഇന്ത്യയിലെ നവാഗത സംവിധായകനുള്ള എഫ്.എഫ്.എസ്.ഐ-കെ.ആര്. മോഹനന് പുരസ്കാരത്തിന് അമർ കോളനിയുടെ സംവിധായകൻ സിദ്ധാർഥ് ചൗഹാൻ തെരഞ്ഞെടുക്കപ്പെട്ടു. ഏക്താര കലക്റ്റീവ് ഒരുക്കിയ എ പ്ലേസ് ഓഫ് അവർ ഓൺ ആണ് ഈ വിഭാഗത്തിലെ മികച്ച ചിത്രം.
രാജ്യാന്തര മത്സരവിഭാഗത്തിലെ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിന് ഈ ചിത്രത്തിൽ അഭിനയിച്ച മനീഷ സോണിയും മുസ്ക്കാനും അർഹരായി. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹംഗേറിയൻ സംവിധായൻ ബേല താറിന് മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ എം. മുകുന്ദന് മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.