തിരുവനന്തപുരം: ശക്തമായ പ്രമേയങ്ങൾ കൊണ്ട് ഭരണകൂടത്തെയും തിരശ്ശീലയെയും പൊള്ളിച്ച് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിനം. യുദ്ധവും ആഭ്യന്തര കലഹവും കലുഷിതമാക്കിയ അഫ്ഗാനിലെ ഗർഭിണികളായ മൂന്ന് സ്ത്രീകളുടെ പ്രയാസമേറിയ ജീവിതം പ്രമേയമാക്കിയ ഹവ മറിയം അയ്ഷ, ഇറാൻ- ഇറാഖ് യുദ്ധപശ്ചാത്തലത്തിൽ ചിത്രീകരിച്ച മറൂൺഡ് ഇൻ ഇറാഖ്, അഫ്ഗാനിസ്താനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുംബത്തിന്റെ കഥ പറയുന്ന ഓപ്പിയം വാർ, കൊച്ചിയിലെ അതിഥി തൊഴിലാളികളുടെ ജീവിതം പറയുന്ന താര രാമാനുജന്റെ മലയാള ചിത്രം നിഷിദ്ധോ തുടങ്ങിയവയാണ് ചൊവ്വാഴ്ച പ്രദർശിപ്പിച്ചത്.
സഹ്റ കരീമിയുടെ ഹവ മറിയം ആയിഷ, ടർക്കിഷ് ചിത്രം ബ്രദേഴ്സ് കീപ്പർ, ജുഹോ കുവോസ്മാനെന്റെ കമ്പാർട്ട്മെന്റ് നമ്പർ സിക്സ് എന്നിവയുടെ ആദ്യ പ്രദർശനമടക്കം ചൊവ്വാഴ്ച 71 ലോകസിനിമകളാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
സമകാലിക ജീവിതത്തിന്റെ കാപട്യങ്ങളെ തുറന്നുകാട്ടി ബാല്യകാലത്തിന്റെ വിശുദ്ധിയെയും നന്മകളെയും ചേർത്തുപിടിക്കുന്ന ജയരാജിന്റെ 'നിറയെ തത്തകളുള്ള മരം' നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. ആറാം ദിനമായ ബുധനാഴ്ച ലോക സിനിമയിലെ 25 ചിത്രങ്ങൾ ഉൾപ്പെടെ 69 സിനിമകൾ പ്രദർശിപ്പിക്കും.
പുരുഷാധിപത്യത്തിനെതിരെ യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന അൽബേനിയൻ ചിത്രം ഹൈവ്, മാലിയുടെ പശ്ചാത്തലത്തിലെ പ്രണയകഥ മാലി ട്വിസ്റ്റ്, എ ഹീറോ, ഫ്രാൻസ്, ബെല്ലാർഡ് ഓഫ് വൈറ്റ് കൗ,107 മദേഴ്സ് തുടങ്ങിയവയാണ് ബുധനാഴ്ച തിരശ്ശീലയിലെത്തുന്നത്.ലൈംഗികാതിക്രമത്തിനിരയായ അധ്യാപികയുടെ ജീവിതം പ്രമേയമാക്കിയ അപർണ സെൻ ചിത്രം 'ദി റേപ്പിസ്റ്റ്' ഉൾപ്പെടെ 50 ചിത്രങ്ങളുടെ മേളയിലെ അവസാന പ്രദർശനത്തിനും ബുധനാഴ്ച വേദിയാകും. ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അന്റാലിയ ഫിലിം ഫെസ്റ്റിവൽ, അങ്കാറ ഫിലിം ഫെസ്റ്റിവൽ, ഏഷ്യ പസഫിക് സ്ക്രീൻ തുടങ്ങി 23 മേളകളിൽ പുരസ്കാരങ്ങൾ നേടിയ ടർക്കിഷ് ചിത്രം ബ്രദേഴ്സ് കീപ്പറിന്റെ രണ്ടാമത്തെ പ്രദർശനവും ബുധനാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.