ബോസ്റ്റണിലെ ആറാമത് കാലിഡോസ്കോപ് ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ സജിൻ ബാബു സംവിധാനം ചെയ്ത 'ബിരിയാണി'ക്ക് രണ്ട് പുരസ്കാരങ്ങൾ. മികച്ച സിനിമ, 'ബിരിയാണി'യിലെ അഭിനയത്തിന് കനി കുസൃതിക്ക് മികച്ച നടി എന്നീ പുരസ്കാരങ്ങളാണ് ലഭിച്ചത്.
ബോസ്റ്റണിലെ ഇന്ത്യ ആർട്സ് സംഘടിപ്പിക്കുന്ന കാലിഡോസ്കോപ് ഇന്ത്യ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫെസ്റ്റിവൽ കഴിഞ്ഞാൽ വടക്ക് കിഴക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവമാണ്.
ഇതാദ്യമായല്ല അന്താരാഷ്ട്ര വേദികളിൽ 'ബിരിയാണി'ക്ക് അംഗീകാരങ്ങൾ ലഭിക്കുന്നത്. 42മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിൽ മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്പെയിനിലെ ഇമാജിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതി രണ്ടാമത്തെ മികച്ച നടിക്കുള്ള അവാർഡ് നേടിയിരുന്നു.
ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും ചെയ്ത സിനിമയാണ് 'ബിരിയാണി'. ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം എന്നിവയും നേടി. അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം അവർക്ക് നാട് വിടേണ്ടി വരുന്നതും അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും ഉമ്മയായി ശൈലജ ജലയും അഭിനയിക്കുന്നു..കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.
UAN ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും സജിൻ ബാബുവാണ്. ക്യാമറ കാർത്തിക് മുത്തുകുമാറും എഡിറ്റിങ് അപ്പു ഭട്ടതിരിയും സംഗീതം ലിയോ ടോമും ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.