കാഴ്ചയുടെ തിരയുത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്‌ചകളുമായി 26ാമത്‌ കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊടിയേറി. ഇനി ഏഴു ദിവസം കാഴ്ചയുടെ വസന്തത്തിന് തലസ്ഥാന നഗരി വേദിയാകും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.

തുര്‍ക്കിയില്‍ ഐ.എസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു. നടി ഭാവനയും സന്നിഹിതയായിരുന്നു. ലോക സിനിമയെയും ഇന്ത്യൻ സിനിമയെയും കുറിച്ച് പഠിക്കാൻ കേരളത്തിൽ 10 കോടി ചെലവിൽ സിനിമ അക്കാദമി ആരംഭിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു.

നടനും സംവിധായകനുമായ അനുരാഗ് കാശ്യപ് മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂറിലെ നായിക അസ്മരി ഹഖ്, നടി ഭാവന, മന്ത്രിമാരായ വി.ശിവൻ കുട്ടി, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, അക്കാദമി സെക്രട്ടറി സി. അജോയ്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന്, ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂർ പ്രദർശിപ്പിച്ചു. മേള 25ന് സമാപിക്കും.

മുഖ്യാതിഥിയായി ഭാവന; കേരളത്തിന്‍റെ റോൾ മോഡലെന്ന് മന്ത്രി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടനച്ചടങ്ങിൽ അതിഥിയായി നടി ഭാവന. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഭാവന പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. 'പോരാട്ടത്തിന്‍റെ പെൺപ്രതീകം' എന്നാണ് ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്.

അപ്രതീക്ഷിതമായുള്ള താരത്തിന്‍റെ വരവ് ഹര്‍ഷാരവങ്ങളോടെയാണ് സിനിമപ്രേമികള്‍ സ്വീകരിച്ചത്. തുടർന്ന്, വേദിയിലെത്തിയ ഭാവനയെ മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനപോൾ ചുംബനം നൽകിയും കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ പൂച്ചെണ്ട് നൽകിയും സ്വീകരിച്ചു. ഭാവന കേരളത്തിന്‍റെ റോൾ മോഡലാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിൽ അവസരം നൽകിയതിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിനോടും ബീനപോളിനോടും നന്ദിയുണ്ടെന്ന് ആശംസപ്രസംഗത്തിൽ ഭാവന പറഞ്ഞു.

Tags:    
News Summary - International Film Festival of Kerala begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.