തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് ഇഷ തൽവാർ. നടിയും മോഡലുമായ ഇഷ നിരവധി ബഹുഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘മിർസാപുർ’ എന്ന ഹിറ്റ് സീരീസിലും അവർ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. ‘സാസ് ബഹു ഓർ ഫ്ലമിങ്ങോ’ എന്ന പുതിയ സീരീസിന്റെ പശ്ചാത്തലത്തിൽ ഇഷ പങ്കുവച്ച അനുഭവങ്ങൾ ആണ് ഇപ്പോൾ വാർത്തയാകുന്നത്.
സിനിമാ വ്യവസായത്തിൽ മുന്നേറാൻ, ഒരാൾക്ക് ആവശ്യമായ നിർണായക ഗുണം ക്ഷമയാണെന്ന് ഇഷ തൽവാർ പറയുന്നു. മിർസാപുർ സീസൺ രണ്ടിലെ മികച്ച പ്രകടനത്തിനുശേഷം ഒരുവർഷത്തോളം തന്നെ ആരും അഭിനയിക്കാൻ വിളിച്ചിരുന്നില്ല. പങ്കജ് ത്രിപാഠി പ്രധാന കഥാപാത്രമായ ആമസോൺ പ്രൈം സീരീസായ മിർസാപുരിൽ മാധുരി യാദവ് എന്ന കഥാപാത്രത്തെയാണ് ഇഷ അവതരിപ്പിച്ചത്. സീരീസ് വൻ ഹിറ്റായിട്ടും തന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടും ഒരവസരവും തശന്നത്തേടിയെത്തിയില്ല എന്ന് ഇഷ പറഞ്ഞു. പിന്നീടാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പരമ്പരയായ സാസ് ബാഹു ഔർ ഫ്ലെമിങ്ങോയിൽ അവർ ഭാഗമാകുന്നത്.
‘മിർസാപൂരിന് ശേഷം മെറ്റാരു മിർസാപുർ ലഭിക്കാൻ എനിക്ക് പത്ത് വർഷമെടുത്തു. ഒരു വർഷം ഞാൻ വീട്ടിൽ ഇരുന്നു, അതിനാൽ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക. നവംബർ മുതൽ ഞാൻ ജോലി ചെയ്തിട്ടില്ല. പുതിയ റിലീസിനായി ഞാൻ ഇപ്പോൾ കാത്തിരിക്കുകയാണ്’-അവർ പറയുന്നു.
ഹോമി അദജാനിയ സംവിധാനം ചെയ്യുന്ന പുതിയ പരമ്പരയായ സാസ് ബാഹു ഔർ ഫ്ലെമിങ്ങോയിൽ ഡിംപിൾ കപാഡിയ, മയക്കുമരുന്ന് കാർട്ടൽ നടത്തുന്ന സാവിത്രിയായാണ് അഭിനയിക്കുന്നത്. രാധികാ മദൻ, അംഗീര ധർ, ഇഷ തൽവാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
മിർസാപുരിന് ശേഷം മറ്റ് ഓഡിഷനുകൾ നൽകേണ്ടതില്ലെന്ന് ബോധപൂർവ്വം തീരുമാനിച്ചതായി ഇഷ പറഞ്ഞു. മുംബൈയിലെ എല്ലാ കാസ്റ്റിങ് ഡയറക്ടർമാരുടെ കയ്യിലും എന്റെ ഓഡിഷനുകളുടെ ഏകദേശം 500 ടേപ്പുകൾ എങ്കിലും ഉണ്ടായിരുന്നു.
‘മിർസാപൂരിന് ശേഷം എനിക്ക് ഓഡിഷൻ ചെയ്യാൻ താൽപ്പര്യമുണ്ടായിരുന്നില്ല. കാരണം ഞാൻ 10 വർഷമായി ഓഡിഷൻ ചെയ്യുന്നു. ഓരോ കാസ്റ്റിങ് ഡയറക്ടറുടെ കയ്യിലും എന്റെ 500 ടേപ്പുകൾ ഉണ്ട്’-അവർ പറഞ്ഞു. സാസ് ബാഹു ഔർ ഫ്ലമിങ്ങോ നല്ല തിരക്കഥയുടെ പിൻബലമുള്ള സീരീസ് ആണെന്ന് ഇഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.