കോഴിക്കോട്: താൻ സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ കണ്ട് പത്ത് ഡൈവോഴ്സെങ്കിലും കൂടുതൽ നടക്കുകയാണെങ്കിൽ അത് നല്ല കാര്യമാണെന്നേ കരുതൂവെന്ന് സംവിധായകന്‍ ജിയോ ബേബി. രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുക മാത്രമാണ് യഥാർഥത്തില്‍ വിവാഹം കൊണ്ട് ഉണ്ടാവുന്നത്. വിവാഹ ജീവിതത്തിൽ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും ചിത്രം കണ്ട് വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
സിനിമ വിജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഈ ആഘോഷം തന്‍റെ ടീമിനെ സന്തോഷിപ്പിക്കുന്നുണ്ട്. സിനിമ കണ്ട് അഭിപ്രായം പറയാനായി കൂടുതലും വിളിച്ചത് സ്ത്രീകളാണ്. എങ്ങനെയാണ് തങ്ങളുടെ ജീവിതം ഇത്രയും നന്നായി ചിത്രീകരിക്കാൻ കഴിഞ്ഞതെന്നാണ് അവർ ചോദിക്കുന്നത്.
വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. വിവാഹത്തിലൂടെ സംഭവിക്കുന്നത് സ്വാതന്ത്ര്യമില്ലായ്മ മാത്രമാണ്. ഒരു പരിധി വരെ പുരുഷനും ഒരുപാട് അളവില്‍ സ്ത്രീക്കും. വിവാഹം എന്ന് പറഞ്ഞാല്‍ എന്താണ്? ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടില്‍ വരിക. എന്നിട്ട് അവിടെയുള്ള അച്ഛനെയും അമ്മയെയും സ്വന്തം പോലെ കണ്ട് പരിചരിക്കുക. ഇതില്‍ നിന്നെല്ലാം പെണ്‍കുട്ടികള്‍ തന്നെ സ്വയം തീരുമാനമെടുത്ത് പിന്മാറേണ്ടതാണ്.
ഈ സിനിമയുടെ ക്രിയേറ്റീവ് ഹെഡ് തന്‍റെ ഭാര്യയാണ്. അവർ പറഞ്ഞതിലൂടെ മാത്രമല്ല, തന്‍റെ നിരീക്ഷണങ്ങളും ചേർന്നാണ് സിനിമ ഉണ്ടായത്. ഒന്നോ രണ്ടോ ദിവസം പാത്രം കഴുകുകയോ ഭക്ഷണം ഉണ്ടാക്കുകയോ ചെയ്താൽ അടുക്കളയെക്കുറിച്ച് മനസ്സിലാവില്ലെന്നും 365 ദിവസവും ആ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വല്ലാത്ത അടിമത്തമാണ് അത് നൽകുന്നതെന്നും ജിയോ ബേബി പറഞ്ഞു. ഭക്ഷണത്തിന്‍റെ ആസ്വാദകർ ആയിമാത്രം മാറാതെ ഭക്ഷണം ഉണ്ടാക്കുന്നവരായി പുരുഷന്മാർ മാറുന്ന ഘട്ടത്തിലേ ഈ അവസ്ഥക്ക് മാറ്റം വരൂ എന്നും ജിയോ ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.