'ഇവിടെ സിനിമ ചെയ്യണമെങ്കില്‍ സംസാരിക്കാം',രാജമൗലിയെ ഹോളിവുഡിലേക്ക് ക്ഷണിച്ച് ജെയിംസ് കാമറൂൺ -വിഡിയോ

എസ്. എസ് രാജമൗലിയുടെ ആർ.ആർ. ആറിനെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ എത്തിയിരുന്നു. 28ാമത് ക്രിട്ടിക്സ് ചോയ്സ് പുരസ്കാരദാന ചടങ്ങിലാണ് രാജമൗലിയേയും സംഗീത സംവിധായകൻ കീരവാണിയേയും അഭിനന്ദിച്ചത്. രൗജമൗലി കാമറൂണിന്റെ വാക്കുകൾ ട്വീറ്റിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു

'ജെയിംസ് കാമറൂൺ ആർ.ആർ.ആർ കണ്ടു. അദ്ദേഹത്തിന് ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു, തന്റെ ഭാര്യയോടൊപ്പം അദ്ദേഹം അത് വീണ്ടും കാണുകയും ചെയ്തു. സർ ഞങ്ങളുടെ സിനിമ വിശകലനം ചെയ്യാൻ ഞങ്ങളോടൊപ്പം പത്ത് മിനിറ്റ് ചെലവഴിച്ചുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങൾ പറഞ്ഞതുപോലെ ഞാൻ ലോകത്തിന്റെ ഏറ്റവും മുകളിലാണ്, രണ്ടുപേർക്കും നന്ദി' എന്നായിരുന്നു രാജമൗലി ട്വീറ്റ് ചെയ്തത്. ഇത് നടി ആലിയ ഭട്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തിരുന്നു.

കാമറൂണിനെ നേരിൽ കണ്ടതിനെ കുറിച്ച് സംഗീത സംവിധായകൻ കീരവാണിയും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ കാമറൂണും രാജമൗലിയും തമ്മിലുള്ള സംഭാഷണത്തിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആർ. ആർ. ആർ അണിയറപ്രവർത്തകർ.

'ഞാൻ താങ്കളുടെ എല്ലാ സിനിമകളും കണ്ടു. ടെർമിനേറ്റർ, അവതാർ, ടൈറ്റാനിക്. താങ്കള്‍ വലിയൊരു പ്രചോദനമാണ്. തങ്ങളുടെ ചിത്രം കാമറൂണ്‍ കണ്ടുവെന്നത് തന്നെ അവാര്‍ഡ് കിട്ടിയതിന് തുല്യമാണ്'- രാജമൗലി പറയുന്നു.

ആർ.ആർ. ആറിനെ കുറിച്ച് കാമറൂണും വാചാലനാവുന്നുണ്ട്. 'ചിത്രത്തിൽ നിങ്ങള്‍ പറഞ്ഞ തീയുടെയും ജലത്തിന്‍റെയും കഥ, ഒന്നിന് പുറകേ ഒന്നായി കാണിക്കുന്ന വെളിപ്പെടുത്തലുകള്‍, പിന്നിലുളള കഥയിലൂടെ എന്താണ് സംഭവിച്ചതെന്ന് താങ്കള്‍ കാണിച്ച രീതി. അവയെല്ലാം ഒരു ഹോംലി സെറ്റപ്പ് പോലെയാണ്. കൂടാതെ എപ്പോഴെങ്കിലും ഇവിടെ ചലച്ചിത്രങ്ങള്‍ ചെയ്യണമെങ്കില്‍ സംസാരിക്കാം'-ജെയിംസ് കാമറൂൺ പറയുന്നു.

രാജമൗലിക്കൊപ്പം തന്നെ സംഗീത സംവിധായകൻ കീരവാണിയേയും കാമറൂണ്‍ അഭിനന്ദിക്കുന്നുണ്ട്. 'താങ്കളാണ് അല്ലെ ചിത്രത്തിന്‍റെ കമ്പോസര്‍ ? ഗോൾഡൻ ഗ്ലോബിൽ ഞാൻ താങ്കളെ കണ്ടിരുന്നു. ഈ ചിത്രത്തിന്‍റെ സ്കോറിംഗ് അതിശയകരമാണ്. ചിത്രത്തിന്‍റെ തീം കെട്ടിപ്പടുക്കുന്ന രീതിയിലാണ് സംഗീതം' - ജെയിംസ് കാമറൂണ്‍ വീഡിയോയില്‍ പറയുന്നു.  


Tags:    
News Summary - James Cameron encourages SS Rajamouli for Hollywood films RRR success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.