നേമം: പേയാട് മിന്നംകോട് സ്വദേശിയായ ജയൻ എന്ന ജയസുന്ദർ ഏറെ സന്തുഷ്ടനാണ്, അനശ്വരനടനായ കൃഷ്ണൻ നായർ എന്ന ജയനൊപ്പം ഒരു ചലച്ചിത്രത്തിലെങ്കിലും അഭിനയിക്കാൻ സാധിച്ചു. ജയൻ എന്ന പേര് ആദ്യമായി വെള്ളിത്തിരയിൽ എഴുതിക്കാണിക്കുന്നത് എസ്. ജയസുന്ദറിെൻറ (74) പേരായിരുന്നു.
1973ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത നാത്തൂൻ എന്ന സിനിമയിൽ അഭിനയിച്ച ജയസുന്ദർ ഓർക്കുന്നു ^'ആദ്യമായി തെൻറ പേരാണ് വെള്ളിത്തിരയിൽ 'ജയൻ' എന്ന് എഴുതിക്കാണിച്ചത്. എന്നാൽ ജയൻ എന്ന പേര് പ്രസിദ്ധമാകുന്നത് അനശ്വരനടൻ ജയെൻറ പേരിലായിരുന്നു.
ഉല്ലാസയാത്ര എന്ന ചിത്രത്തിലാണ് അദ്ദേഹവുമൊത്ത്അഭിനയിച്ചത്. ചാലക്കുടി തുമ്പൂർമുഴി ആയിരുന്നു ലൊക്കേഷൻ. ഷൂട്ടിങ് ലൊക്കേഷനുകളിലും ജയൻ എന്നാണ് ജയസുന്ദർ അറിയപ്പെട്ടിരുന്നത്. കൃഷ്ണൻ നായർ എന്ന പേര് മാറി എത്തുന്നതും താരമൂല്യം നേടുന്നതും പിന്നീടുള്ള ചരിത്രം'.
ടാക്‌സി ഡ്രൈവർ എന്ന സിനിമയിൽ ജീപ്പ് ഡ്രൈവറായി വന്നു. കണ്ണുകൾ എന്ന സിനിമയിൽ വില്ലെൻറ വേഷം. 15 ചിത്രങ്ങളിൽ മാത്രമാണ് സാന്നിധ്യമായതെങ്കിലും അതിലെ വേഷങ്ങൾ ചെറുതായിരുന്നുവെങ്കിലും ജയസുന്ദറും സിനിമ ചരിത്രത്തിലെ ഭാഗമായി മാറി.
ചങ്ങനാശ്ശേരി പുഴവാതിലിലെ പ്രസിദ്ധമായ ലക്ഷ്മിപുരം കൊട്ടാരത്തിലെ അംഗമാണ് ഇദ്ദേഹം. ചെന്നൈയിൽ താമസമാക്കിയ ശേഷം 1971ൽ മിസ്റ്റർ മദ്രാസും 72ലും 74ലും മിസ്റ്റർ തമിഴ്‌നാടുമായി. നിരവധി വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ മോഡലായി.
തുടർന്ന് കേരളത്തിൽ ജോലി ലഭിച്ചതോടുകൂടി തിരുവനന്തപുരം പേയാട് താമസമാരംഭിച്ചു. വാർധക്യ കാലത്തും യൗവനയുക്തമായ ജീവിതം കാത്തുസൂക്ഷിക്കുകയും ജയെൻറ ഓർമകളിൽ ജീവിക്കുകയും ചെയ്യുകയാണ് ജയസുന്ദർ എന്ന ജയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.