ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മാഹി. വി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് യാത്ര. 2019 ൽ തിയറ്ററുകളിലെത്തിയ ചിത്രം തെലുങ്കിൽ വൻ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗം യാത്ര 2 റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ യാത്രയാണ് യാത്ര 2 ന്റെ പ്രമേയം. തെന്നിന്ത്യൻ താരം ജീവയാണ് വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയായി എത്തുന്നത്. ചിത്രത്തിലെ ട്രെയിലർ ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. മമ്മൂട്ടിയുടെ വൈ.എസ്. രാജശേഖര റെഡ്ഡിയിലൂടെയാണ് ട്രെയിലർ ആരംഭിച്ചത്.
സിനിമ തിയറ്ററിലേക്ക് എത്തുമ്പോൾ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. തെലുങ്ക് മാധ്യമമാണ് കണക്ക് പങ്കുവെച്ചിരിക്കുന്നത്. മൂന്ന് കോടി രൂപയാണ് മെഗാസ്റ്റർ പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. കാമിയോ റോളിലാണ് നടൻ എത്തുന്നത്. എട്ട് കോടിയാണ് ജീവയുടെ പ്രതിഫലം. 50 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.
വൈ.എസ്.ആറിന്റെ മരണത്തിന് ശേഷമുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജഗൻ മോഹന്റെ ജയിൽ വാസവും വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി രൂപീകരണവും ട്രെയിലർ കാണിക്കുന്നുണ്ട്. മഹി .വി രാഘവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കേതകി നാരയൺ, സുസന്നെ ബെർനേർട്ട്, മഹേഷ് മഞ്ജ്രേക്കർ, അഷ്രത വെമുഗന്തി നന്ദൂരി, കൈയ്തി ഫെയിം താരം ജോർജ് മാര്യൻ, മലയാളി താരം ഷെല്ലി കിഷോർ തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രീ ഓട്ടം ലീവ്സിന്റെയും വി സെല്ലുലോയിഡിന്റെ ബാനറിൽ ശിവ മേക്കയാണ് യാത്ര 2 നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.