പനാജി/ ന്യൂഡൽഹി: വിവേക് അഗ്നിഹോത്രിയുടെ 'ദ കശ്മീർ ഫയൽസ്' ചിത്രത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച ഗോവ രാജ്യാന്തര ചലച്ചിത്രോത്സവ (ഐ.എഫ്.എഫ്.ഐ) ജൂറി തലവൻ നഡവ് ലാപിഡിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി. ഗോവ ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയ 'പ്രചാരണ സ്വഭാവത്തിലുള്ള ഈ സിനിമ' അശ്ലീലവും മേളയുടെ കലാമൂല്യങ്ങൾക്ക് നിരക്കാത്തതുമാണെന്നാണ് ലാപിഡ് പറഞ്ഞത്.
ലോകപ്രശസ്ത ഇസ്രായേൽ സംവിധായകനാണ് നഡവ് ലാപിഡ്. കഴിഞ്ഞദിവസം ഗോവ ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങിൽ, കേന്ദ്ര വാർത്ത വിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ വേദിയിലുള്ളപ്പോഴാണ് ലാപിഡ് ഇക്കാര്യം പറഞ്ഞത്. കശ്മീർ ഫയൽസ് കണ്ട ജൂറി അംഗങ്ങളെല്ലാം ഒരുപോലെ അസ്വസ്ഥരായിരുന്നെന്ന് ലാപിഡ് പറഞ്ഞു. അവർ ഈ സിനിമ ഉൾപ്പെടുത്തിയതിൽ ഞെട്ടൽ രേഖപ്പെടുത്തി. ഏറെ പ്രാധാന്യമുള്ള ചലച്ചിത്രോത്സവമാണ് ഗോവയിലേത്. അതിൽ, പ്രചാരണ ആവശ്യത്തിനെന്നപോലെ നിർമിച്ച ഈ സിനിമ ഉൾപ്പെടുത്തിയത് ശരിയായില്ല.
പൂർണ മനസ്സോടെയാണ് ഈ അഭിപ്രായം പറയുന്നത്. മേളയുടെ സ്വഭാവം പരിഗണിച്ച് ഇക്കാര്യത്തിൽ വിമർശനാത്മക ചർച്ചയാകാം. അത് കലയ്ക്കും ജീവിതത്തിനും അനിവാര്യമാണ് -ലാപിഡ് തുടർന്നു.സംഭവം വിവാദമായശേഷം ഇന്ത്യയിലെ ഇസ്രായേൽ കോൺസുൽ ജനറൽ കൊബ്ബി ശൊശാനി കശ്മീർ ഫയൽസിനെ പിന്തുണച്ച് സംസാരിച്ചു.
കശ്മീർ ഫയൽസ് ഒരു പ്രചാരണ സിനിമയല്ലെന്നും കശ്മീർ ജനതയുടെ വേദന ഒപ്പിയെടുത്ത ശക്തമായ ചലച്ചിത്രമാണെന്നും അദ്ദേഹം മുംബൈയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നടൻ അനുപം ഖേറും വാർത്തസമ്മേളനത്തിലുണ്ടായിരുന്നു. 'കാലത്തുതന്നെ സുഹൃത്തായ അനുപം ഖേറിനെ വിളിച്ച് ഞാൻ മാപ്പു പറഞ്ഞു. ലാപിഡ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിന് ഔദ്യോഗികമായോ അനൗദ്യോഗികമായോ ഇസ്രായേലുമായി ബന്ധമില്ല'. -ശൊശാനി കൂട്ടിച്ചേർത്തു.
ലാപിഡിന്റെ പ്രസ്താവനക്കുപിന്നാലെ കേന്ദ്രത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും സർക്കാറുമെല്ലാം ആയുധമാക്കിയ സിനിമ അന്താരാഷ്ട്ര ചലച്ചിത്രോത്സവം തള്ളിയെന്നും സർക്കാറിന് ഇതിലുംവലിയ നാണക്കേടില്ലെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു. ഇതേ കാര്യം മറ്റൊരു വക്താവായ ഷമ മുഹമ്മദും ട്വിറ്ററിൽ പറഞ്ഞു. കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിയും നടൻ അനുപം ഖേറും ലാപിഡിനെതിരെ പരോക്ഷമായി രംഗത്തെത്തി. സത്യമാണ് ഏറ്റവും അപകടകരമായ വസ്തുതയെന്നും അത് വ്യക്തികളെക്കൊണ്ട് കളവു പറയിക്കുമെന്നും അഗ്നിഹോത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു.
അമേരിക്കൻ ചലച്ചിത്രകാരൻ സ്റ്റീവൻ സ്പിൽബർഗിന്റെ ഹോളോകോസ്റ്റ് സിനിമ 'ഷിൻഡ്ലേഴ്സ് ലിസ്റ്റി'ലെ നിശ്ചല ദൃശ്യങ്ങൾ 'കശ്മീർ ഫയൽസി'ലെ ദൃശ്യത്തിനൊപ്പം പങ്കുവെച്ചാണ് അനുപം ഖേർ പ്രതികരിച്ചത്. കളവ് എത്ര വലുതായാലും അത് ചെറിയ സത്യത്തിനൊപ്പംപോലും എത്തില്ലെന്ന് അദ്ദേഹം എഴുതി. പാക് പിന്തുണയുള്ള തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് കശ്മീർ പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ വംശീയച്ചുവയോടെ പറയുന്ന സിനിമ സീ സ്റ്റുഡിയോ ആണ് നിർമിച്ചത്. ഇത് ബി.ജെ.പി വ്യാപകമായി പ്രചാരണ ആയുധമായി ഉപയോഗിച്ചിരുന്നു.
ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നഓർ ഗിലൺ ലാപിഡിനെ രൂക്ഷമായി വിമർശിച്ചു. ഇന്ത്യയുടെ ക്ഷണം ലാപിഡ് ഏറ്റവും മോശമായ രീതിയിൽ ഉപയോഗിച്ചെന്നും അതിൽ ലജ്ജിക്കണമെന്നും ഗിലൺ പറഞ്ഞു. വംശഹത്യ അതിജീവിച്ച ആളുടെ മകനെന്ന നിലയിൽ ഇൗ വിഷയത്തിലെ പ്രതികരണങ്ങൾ വേദനിപ്പിക്കുന്നു. ഇതിൽ ഒരു ന്യായീകരണവുമില്ല. -അദ്ദേഹം പറഞ്ഞു.
ജൂറി അംഗമായിരുന്ന സുദീപ്തോ സെൻ, താൻ ലാപിഡിന്റെ അഭിപ്രായത്തോട് യോജിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കി. മറ്റു ജൂറി അംഗങ്ങളായ ജാവിയർ ആൻഗുലോ ബർതുറെൻ, പാസ്കെൽ ഷാവൻസ് എന്നിവരും പ്രത്യേകിച്ച് അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് സെൻ അവകാശപ്പെട്ടു. ലാപിഡിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തുവന്നു. ഇത് കശ്മീരീ പണ്ഡിറ്റുകൾ അനുഭവിച്ച ഭീകരാനുഭവങ്ങളോടുള്ള അവഹേളനമാണെന്ന് ബി.ജെ.പി ഗോവ വക്താവ് സാവിയോ റോഡ്രിഗസ് പ്രതികരിച്ചു. ബി.ജെ.പി ജമ്മു-കശ്മീർ ഘടകവും ചില ദേശീയ നേതാക്കളും ലാപിഡിനെതിരെ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.