വൈറൽ അണുബാധകളെ പ്രതിരോധിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസേഷൻ ചെയ്താൽ മതിയെന്നുള്ള നടി സാമന്തയുടെ വാക്കുകൾ വിവാദമാകുന്നു. ഇപ്പേഴിതാ നടിയെ വിമർശിച്ച് ബാഡ്മിന്റൺ താരം ജ്വാല ഗുട്ട രംഗത്തെത്തിയിരിക്കുകയാണ്. സാമന്ത നിർദേശിച്ച ചികിത്സാ രീതി ആരുടെയെങ്കിലും ജീവൻ നഷ്ടമാക്കിയാൽ അതിന്റെ ഉത്തരവാദിത്തം നടി ഏറ്റെടുക്കുമോ എന്നാണ് ജ്വാല ചോദിക്കുന്നത്.
'തന്നെ പിന്തുടരുന്ന വലിയൊരു വിഭാഗം ജനങ്ങൾക്ക് ചികിത്സ നിർദേശിക്കുന്ന താരത്തിനോട് എന്റെ ഒരേയൊരു ചോദ്യം. സഹായമാണ് ഉദ്ദേശ്യമെന്ന് എനിക്ക് മനസിലായി. പക്ഷെ നിങ്ങൾ നിർദേശിച്ച ചികിത്സരീതി ഫലം കാണാതിരിക്കുകയും അതുവഴി ആളുകളുടെ ജീവൻ നഷ്ടമാവുകയും ചെയ്താൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുമോ? നിങ്ങൾ ടാഗ് ചെയ്ത ഡോക്ടർ ഉത്തരവാദിത്തം ഏറ്റെടുക്കുമോ'- ജ്വാല ഗുട്ട എക്സിൽ കുറിച്ചു.
അണുബാധകളെ ചികിത്സിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന സാമന്തയുടെ വാദത്തെ വിമർശിച്ച് ഡോ. സിറിയക് എബി ഫിലിപ്സ് രംഗത്തെത്തിയിരുന്നു.അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സാമന്ത പ്രോത്സാഹിപ്പിക്കുന്നതെന്നും സാമന്തയെ ജയിലില്‍ അടക്കണമെന്നും ഡോക്ടർ പറഞ്ഞിരുന്നു. ഡോക്ടറുടെ വാക്കുകൾ വൈറലായതോടെ മറുപടിയുമായി സാമന്തയും രംഗത്തെത്തി. 25 വർഷമായി ഡി.ആർ.ഡി.ഒയിൽ സേവനമനുഷ്ഠിച്ച ഉയർന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സ രീതി നിർദേശിച്ചതെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. മറ്റുള്ളവരെ സഹായിക്കുക എന്നതാണ് തന്റെ ചിന്തയെന്നും ആരെയും ഉപദ്രവിക്കണമെന്നില്ലെന്നും സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.