കൊച്ചി: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (77) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.
1946-ൽ തിരുവല്ലയിൽ സാമുവൽ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി ജനനം . കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നാണ് മുഴുവൻ പേര്. തിരുവല്ലയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചങ്ങനാശേരി എൻ.എസ്.എസ് കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിൻറെ സഹായിയായി മൂന്നു വർഷത്തോളം ജോലി ചെയ്തു.
നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി.1976ൽ പുറത്തിറങ്ങിയ ‘സ്വപ്നാടനം’ ആണ് ആദ്യ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ‘സ്വപ്നാടനം’ നേടി. മികച്ച തിരക്കഥക്ക് പമ്മൻ, കെ.ജി.ജോർജ് എന്നിവർക്കും പുരസ്കാരം ലഭിച്ചു.
പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 1998ൽ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.
പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ഉൾക്കടൽ എന്ന ചിത്രത്തിലെ ശരദിന്ദു മലർദീപ നാളം നീട്ടി എന്ന ഹിറ്റ് ഗാനം ആലപിച്ചത് സൽമയാണ്. നടൻ മോഹൻ ജോസ് ഭാര്യ സഹോദരനാണ്. അരുൺ, താര എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.