ക്വാലാലംപൂർ: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത മാസ് ആക്ഷൻ പടം കടുവ തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ചിരുന്നു. 'പൃഥ്വിരാജിന്റെ വിളയാട്ടം, ഷാജി കൈലാസ് എന്ന മാസ് സംവിധായകന്റെ മെഗാ മാസ് തിരിച്ചുവരവ്' എന്നൊക്കെയാണ് പ്രേക്ഷകർ ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. കടുവാകുന്നേല്‍ കുര്യാച്ചന്‍ എന്ന പ്ലാന്‍ററായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തിയത്. തൊണ്ണൂറുകളിൽ പാലായിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. സിനിമയിലെ പാട്ടുകളും വൻ ഹിറ്റായിരുന്നു.
സിനിമ ഇറങ്ങുന്നതിന് മുമ്പും ഇറങ്ങിയതിന് ശേഷവും വിവാദത്തിൽപെട്ടിരുന്നു 'കടുവ'. സിനിമയിലെ കഥക്കും കഥാപാത്രത്തിനും തന്റെ ജീവിതവുമായി ബന്ധമുണ്ടെന്നാരോപിച്ച് കോട്ടയം സ്വദേശി കോടതിയെ സമീപിച്ചതായിരുന്നു ആദ്യത്തെ വിവാദം. പിന്നീട് കഥാപാത്രത്തിന്‍റെ പേരുമാറ്റിയാണ് ചിത്രം റിലീസ് ചെയ്തത്.
റിലീസിന് ശേഷം സംഭാഷണത്തിന്‍റെ പേരിലും കടുവ വിവാദക്കൂട്ടിലായി. ഭിന്നശേഷിക്കുട്ടികളെ അപമാനിക്കുന്ന വിധത്തിലുള്ള സംഭാഷണം പിന്നീട് ഒഴിവാക്കുകയും അണിയറക്കാർ മാപ്പ് പറയുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തിയത്. മലയ് ഭാഷയിലുള്ള സബ് ടൈറ്റിലുകളോടെ മലേഷ്യയിലും കടുവ എത്തിയിരുന്നു. എന്നാൽ, കടുവയിലെ ഒരു രംഗം മലേഷ്യൻ പ്രേക്ഷകർക്കിടയിൽ വൻ ചർച്ചയായിരിക്കുകയാണ്.
പാമോയിൽ ഇറക്കുമതി ചെയ്യാൻ മലേഷ്യൻ കമ്പനി മൂന്ന് കോടി കൈക്കൂലി വാഗ്ദാനം ചെയ്തതായി സിനിമയിൽ പറയുന്നുണ്ട്. ഈയൊരു പരാമർശമാണ് 'കടുവ'യുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് വഴിതിരിച്ചത്. സകല മേഖലയിലും അഴിമതി നിറഞ്ഞ മലേഷ്യയുടെ നേർചിത്രമാണ് സിനിമയിൽ തെളിയുന്നതെന്ന് ചിലർ പറയുമ്പോൾ, ഈ പരാമർശം രാജ്യത്തിന്‍റെ അന്തസ് ഇടിക്കുകയാണെന്നാണ് മറ്റുചിലരുടെ അഭിപ്രായം. തുടർന്ന് വിദേശ സിനിമകൾ മലേഷ്യയെ എങ്ങനെ ചിത്രീകരിക്കുന്നു എന്നത് സംബന്ധിച്ച വൻ ചർച്ചകൾക്ക് തന്നെ തുടക്കമായിരിക്കുകയാണ്.
'കടുവ' സിനിമയിലെ അഴിമതി സംബന്ധിച്ച ചർച്ചയിൽ മലേഷ്യയിലെ കമ്പനിയെ ഉൾപ്പെടുത്തിയത് രാജ്യത്തിന്‍റെ അന്തസിനെ ചവിട്ടിമെതിക്കുകയാണെന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്.
പോസ്റ്റ് വൈറലായതോടെ, മറ്റ് വിദേശ ചിത്രങ്ങളിലും മലേഷ്യയെ അഴിമതിയുടെ കേന്ദ്രമായി കാണിക്കുന്നത് ചൂണ്ടിക്കാട്ടി ആളുകൾ രംഗത്തെത്തി. 'തിരക്കഥയെഴുതുന്നയാൾ കൃത്യതക്ക് വേണ്ടി ഇത്രയേറെ ഗവേഷണം നടത്തുന്നുവെന്നത് എനിക്കിഷ്ടമായി' എന്നായിരുന്നു ഒരാളുടെ കമന്‍റ്.
'ജപ്പാൻ അവരുടെ 'മാംഗ' സംസ്കാരവും, കൊറിയ അവരുടെ പോപ് സംസ്കാരവും കയറ്റുമതി ചെയ്യുമ്പോൾ മലേഷ്യക്ക് കയറ്റിയയക്കാൻ അഴിമതി മാത്രമേയുള്ളൂ എന്നതാണ് ശരി' -മറ്റൊരാൾ എഴുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.