തിരുവനന്തപുരം: മീശയും താടിയും പുരുഷത്വത്തിന്റെ പ്രതീകമായി കാണുന്ന സമൂഹത്തിൽ നീണ്ടതാടിയുമായി ജൂബയും തൊപ്പിയും ധരിച്ച വരെ കാണുമ്പോൾ മാത്രം മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ അവർക്ക് ഭീകരവാദവുമായി ബന്ധമുണ്ടെന്ന സംശയം നിങ്ങൾക്കുണ്ടോ. എങ്കിൽ നിങ്ങൾ പൊഗണോഫോബിയ എന്ന രോഗത്തിന് അടിപ്പെട്ടവരാണ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഡെലിഗേറ്റുകളെ പിടിച്ചുലച്ച 'കാഫിർ' തേടുന്നതും 'പൊഗണോഫോബിയ'ക്കുള്ള മരുന്നാണ്. മാധ്യമപ്രവർത്തകനും നവാഗത സംവിധായകനുമായ വിനോയുടെ സംവിധാനവും തിരക്കഥയും തീർത്ത ചിത്രം മലയാളത്തിന്റെ നിത്യഹരിത നായകന്മാരിലൊരാളായ പ്രതാപ് പോത്തന്റെ അവസാന ചിത്രമെന്ന നിലയിലാണ് മേളയിലെത്തിയത്. കാൽ നൂറ്റാണ്ടിനു ശേഷം പ്രതാപ് പോത്തൻ നായകനായ ചിത്രം കൂടിയാണിത്.
കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടറായ രഘുറാമിന്റെ വേഷമാണ് പ്രതാപ് പോത്തൻ കൈകാര്യം ചെയ്യുന്നത് . രഘുറാമിന്റെ മാനസിക സംഘർഷങ്ങളുടെ കഥയാണ് ചിത്രം. തീവ്രവാദത്തെയും ഭീകരാക്രമണങ്ങളെക്കുറിച്ചും വേവലാതിപ്പെടുന്ന അദ്ദേഹത്തിന് അതുമായി ബന്ധപ്പെട്ട പത്രവാർത്തകൾ വെട്ടിശേഖരിക്കുന്ന ശീലമുണ്ട്. താടിവെച്ചവരെ ഭയപ്പെടുന്ന പൊഗണോഫോബിയ എന്ന മനോരോഗത്തിന് അടിമയാകുന്ന രഘുറാം ഒരിക്കൽ മദ്റസ അധ്യാപകനായ ഹൈദറിനെ തീവ്രവാദിയായി തെറ്റിദ്ധരിക്കുന്നു. ഈ സംഭവം ഹൈദറിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കാഫിർ പ്രേക്ഷകരോട് പങ്കുവെക്കുന്നത്.
2008 ലെ ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയാണെന്നാരോപിച്ച് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ ജീവിതമാണ് സിനിമക്ക് പ്രചോദനമായതെന്ന് വിനോ 'മാധ്യമ'ത്തോട് പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥകേട്ട പ്രതാപ് പോത്തൻ പ്രതിഫലം പറ്റാതെയാണ് അഭിനയിച്ചത്. കലാഭവനിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ഉടൻ ഓൺലൈനായി റിലീസ് ചെയ്യും. തൃശൂർ ചേറ്റുവ സ്വദേശി ഫവാസ് അലിയാണ് ഹൈദറായി വേഷമിടുന്നത്. നീന കുറുപ്പ്, വീണ നായർ, ശിവജിത്ത് പത്മനാഭൻ,ജോജോ സിറിയക് എന്നിവരും അഭിനേതാക്കളായി എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.