ന്യൂഡൽഹി: കാളിദേവിയെ അപമാനിച്ചുവെന്ന് ആരോപിച്ച് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് സംവിധായികക്കെതിരെ പൊലീസിൽ പരാതിയുണ്ട്.
തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് മണി മേഖല. അവരുടെ ഡോക്യുമെന്ററിയുടെ പോസ്റ്റർ ശനിയാഴ്ച പങ്കുവെച്ചിരുന്നു. ഇതാണ് പ്രതിഷേധങ്ങൾക്കിടയാക്കിയത്.
പോസ്റ്ററിൽ കാളിദേവിയെപോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്ലാഗും കാണാം.
ഗൗ മഹാസഭയുടെ തലവൻ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്. നിരവധി പേരാണ് സംവിധായികയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി എത്തിയത്. #ArrestLeenaManimekalai എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡായിരിക്കുകയാണ്.
എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കിൽ അതു നൽകാം -സമൂഹമാധ്യമങ്ങളിലെ ആക്രമണത്തിൽ പ്രതികരിച്ച് ലീന ട്വീറ്റ് ചെയ്തു.
'ടൊറന്റോയിലെ തെരുവുകളിൽ ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെടുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം കണ്ടാൽ 'ലീന മണിമേഖലയെ അറസ്റ്റ് ചെയ്യുക' എന്ന ഹാഷ്‌ടാഗ് ഇടാതെ, 'ലവ് യു ലീന മണിമേഖലൈ' എന്ന ഹാഷ്‌ടാഗാണ് ഇടുക എന്നും അവർ തമിഴിൽ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.