കണ്ണൂര്‍: തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ (62) നിര്യാതനായി. നാറാത്ത് ആരോഗ്യ കേന്ദ്രത്തിനു സമീപത്തെ ‘മിഥില’യിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. മലയാള സിനിമയിൽ ശ്രദ്ധേയമായ ‘കളിയാട്ടം’ ഉൾപ്പെടെ നിരവധി സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ ബല്‍റാം ഏറെ വർഷമായി നാറാത്തെ മിഥിലയിലായിരുന്നു താമസം. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ‘മുയൽ ഗ്രാമം’ എന്ന ആദ്യ നോവല്‍ എഴുതിയത്. 1997ല്‍ ജയരാജിന്റെ സംവിധാനത്തില്‍ എത്തിയ ‘കളിയാട്ട’ത്തിലൂടെയാണ് ബല്‍റാം സിനിമയില്‍ എത്തുന്നത്.
വില്യം ഷേക്‌സ്പിയറിന്റെ വിശ്വപ്രസിദ്ധമായ നാടകം ‘ഒഥല്ലോ’ അടിസ്ഥാനമാക്കിയാണ് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ബല്‍റാം കളിയാട്ടത്തിന്റെ തിരക്കഥയൊരുക്കിയത്. ഹാംലറ്റ് എന്ന ഷേക്‌സ്പിയര്‍ നാടകത്തെ കേരളീയ പശ്ചാത്തലത്തില്‍ പുനരവതരിപ്പിച്ച സിനിമയായിരുന്നു ‘കര്‍മയോഗി’.
തുടര്‍ന്ന് 2014ൽ ടി. ദീപേഷ് സംവിധാനംചെയ്ത പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും 2021ല്‍ സംവിധാനംചെയ്ത അക്വേറിയം എന്നീ സിനിമകൾക്കും ബല്‍റാം തിരക്കഥയും സംഭാഷണവും ഒരുക്കി. 18ഓളം പുസ്തകങ്ങളുടെ രചയിതാവാണ്. 1962ൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലെ സി.എച്ച്. പത്മനാഭൻ നമ്പ്യാരുടെയും സി.എം. ജാനകിയമ്മയുടെയും രണ്ടാമത്തെ മകനാണ്. കെ.എൻ. സൗമ്യയാണ് ഭാര്യ. മകൾ: ഡോ. ഗായത്രി ബൽറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.