മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രഭാസ് ചിത്രം കൽക്കി 2898 എ.ഡി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 2024 ജൂൺ 27 ന് തിയറ്ററുകളിലെത്തിയ ചിത്രം 1000 കോടിയിലേക്ക് അടുക്കുകയാണ്.
ചിത്രം തിയറ്ററുകളിൽ മികച്ച സ്വീകാര്യത നേടി പ്രദർശനം തുടരുമ്പോൾ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തെത്തുകയാണ്. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് തെലുങ്ക് ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവയിലൂടെയാണ് ചിത്രമെത്തുന്നത്. തെലുങ്ക് , മലയാളം, കന്നഡ , തമിഴ് എന്നിങ്ങനെ ദക്ഷിണേന്ത്യൻ പതിപ്പുകളുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ ആണെന്നാണ് വിവരം. ഹിന്ദി പതിപ്പിന്റെ അവകാശം റെക്കോഡ് തുകക്കാണ് നെറ്റ്ഫ്ലിക്സ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.
പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ ,ദീപിക പദുക്കോൺ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. 'ഭൈരവ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചിരിക്കുന്നത്. 'സുമതി'യായിട്ടാണ് ദീപിക എത്തിയിരിക്കുന്നത്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്കിൻ'നെ കമൽ ഹാസനും 'ക്യാപ്റ്റൻ'നെ ദുൽഖർ സൽമാനും 'റോക്സി'യെ ദിഷാ പഠാനിയും അവതരിപ്പിച്ചു. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് കൽക്കി നിര്‍മിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷനായി ഒരുക്കിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.