ബിരിയാണി'യിലെ പ്രകടനത്തിന് കനി കുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം

42ാമത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിൽ മികച്ച നടിയായി കനി കുസൃതി തെരഞ്ഞെടുക്കപ്പട്ടു.1935 ൽ തുടങ്ങിയതും, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നുമായ മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ഒരു മലയാള സിനിമക്ക് ആദ്യമായാണ് അവാർഡ് ലഭിക്കുന്നത്. ബ്രിക്സ് വിഭാഗത്തിൽ മത്സരിച്ച രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നായ 'ബിരിയാണി'യിലെ അഭിനയമാണ് കനിയെ അവാർഡിനർഹയാക്കിയത്. സ്പെയിനിലെ ഇമാജിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതി രണ്ടാമത്തെ മികച്ച നടിക്കുള്ള അവാർഡ്‌ നേടിയിരുന്നു.

ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും ചെയ്ത സിനിമയാണ് 'ബിരിയാണി'. ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം എന്നിവയും നേടി. അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം അവർക്ക് നാട് വിടേണ്ടി വരുന്നതും അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും ഉമ്മയായി ശൈലജ ജലയും അഭിനയിക്കുന്നു..കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.

യു.എ.എൻ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സജിൻ ബാബുവാണ്. ക്യാമറ കാർത്തിക് മുത്തുകുമാറും എഡിറ്റിങ് അപ്പു ഭട്ടതിരിയും സംഗീതം ലിയോ ടോമും ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിച്ചിരിക്കുന്നു.

Tags:    
News Summary - Kani Kusruti got international award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.