കാന്താരക്കായി താരങ്ങൾ വാങ്ങിയ പ്രതിഫലം പുറത്തുവിട്ട് അണിയറപ്രവർത്തകർ; ഏറ്റവും കൂടുതൽ റിഷഭ് ഷെട്ടിക്ക്

റിഷഭ് ഷെട്ടിയുടെ കന്നഡ ബ്ലോക്ക്ബസ്റ്റർ കാന്താര ബോക്‌സ് ഓഫീസിൽ തകര്‍പ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്. നിലവിൽ സിനിമ ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുകയാണ്. ഈ വർഷം കെജിഎഫ്: ചാപ്റ്റർ 2, 777 ചാർലി എന്നിവയ്‌ക്കൊപ്പം, കന്നഡ സിനിമയിൽ വിപ്ലവം സൃഷ്ടിക്കുന്നതിലും വ്യവസായത്തിന് ദേശീയ അംഗീകാരം കൊണ്ടുവരുന്നതിലും കാന്താര പ്രധാന പങ്കുവഹിച്ചിരുന്നു.

സിനിമ വൻ വിജയം നേടിയതിന് പിന്നാലെ സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. ഇപ്പോള്‍ താരങ്ങളുടെ പ്രതിഫല വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

16 കോടി ബജറ്റിൽ നിർമിച്ച് കാന്താര ബോക്സ് ഓഫീസിൽനിന്ന് 406.75 കോടി കലക്ട് ചെയ്തിരുന്നു. എന്നാൽ സിനിമയിൽ പ്രവർത്തിച്ചവർക്ക് താരതമ്യേനെ കുറഞ്ഞ പ്രതിഫലമാണ് ലഭിച്ചതെന്നാണ് വിവരം. നാടോടിക്കഥകളും പുരാണങ്ങളിലെ ദേവതാ സങ്കൽപ്പവും അടിസ്ഥാനമാക്കിയുള്ള കഥയായ കാന്താര പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു.

സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം സംവിധാനം ചെയ്യുകയും ചെയ്ത റിഷഭ് ഷെട്ടിക്ക് സിനിമയുടെ വിജയത്തിൽ വലിയ പങ്കാണ് ഉണ്ടായിരുന്നത്. എന്നാൽ സിനിമയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് അദ്ദേഹത്തിന് 4 കോടി രൂപയാണ് പ്രതിഫലം നൽകിയതെന്നാണ് വിവരം.

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുരളിയായി വേഷമിടുന്ന കിഷോർ ആദ്യം പ്രതിനായക പരിവേഷമാണ് സിനിമയിൽ ഉണ്ടായിരുന്നത്. നായക നടൻ ഋഷബ് ഷെട്ടിയുമായി തർക്കത്തിലേർപ്പെടുന്ന ഒരു എതിരാളിയായാണ് അദ്ദേഹം ആദ്യം അവതരിപ്പിക്കപ്പെട്ടത്. എന്നാൽ അവസാനം ഒരു പോസിറ്റീവ് കഥാപാത്രമായി മാറുന്നുണ്ട്. തന്റെ വേഷത്തിന് കിഷോറിന് ഒരു കോടി രൂപ പ്രതിഫലം ലഭിച്ചു.

പ്രമോദ് ഷെട്ടിയാണ് ചിത്രത്തിൽ സുധാകര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉളിദവരു കണ്ടന്തേ, കിരിക് പാർട്ടി, അവനേ ശ്രീമൻനാരായണൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായിരുന്നു പ്രമോദ്. 60 ലക്ഷം രൂപയാണ് ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം വാങ്ങിയത്.

ഈ വർഷത്തെ മറ്റൊരു തകർപ്പൻ ഹിറ്റായ കെജിഎഫ് 2 ലും കണ്ട അച്യുത് കുമാർ, രാജാവിന്റെ പിൻഗാമിയായും ചിത്രത്തിലെ പ്രധാന വില്ലനായും അഭിനയിച്ചു. തന്റെ വേഷത്തിനായി 40 ലക്ഷം രൂപയാണ് അച്യുത് കുമാറിന് ലഭിച്ചത്.

ഫോറസ്റ്റ് ഓഫീസറായി വേഷമിട്ട നായിക സപ്തമി ഗൗഡയ്ക്ക് പ്രതിഫലമായി ലഭിച്ചത് ഒരു കോടി രൂപയാണെന്നാണ് വിവരം.

Tags:    
News Summary - Kantara Cast Salary: From Rishabh Shetty To Sapthami Gowda, Here’s How Much Actors Charged For Their ..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.