കന്നഡ ചിത്രമായ 'കാന്താര'യിലെ 'വരാഹരൂപം' എന്ന ഗാനത്തിനെതിരായ സ്റ്റേ നീക്കം ചെയ്ത് കോടതി. കോഴിക്കോട് സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വരാഹരൂപം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് കേസ് കൊടുത്ത മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജിന് തിരിച്ചടിയാണ് വിധി. കാന്താര അണിയറക്കാരുടേയും തൈക്കൂടം ബ്രിഡ്ജിന്റേയും വാദം കേട്ട ശേഷമായിരുന്നു കോടതിയുടെ തീരുമാനം.
പാലക്കാട് സെഷൻസ് കോടതിയിൽ കേസ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ അവിടുന്നുളള വിധിയും പരിഗണിച്ച ശേഷം മാത്രമെ ഗാനം ഉൾപ്പെടുത്തണമോ എന്നത് തീരുമാനിക്കുകയുളളൂ എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
തങ്ങളുടെ 'നവരസം' പാട്ടിന്റെ കോപ്പിയടിയാണ് വരാഹരൂപം എന്നാരോപിച്ചാണ് തൈക്കൂടം ബ്രിഡ്ജ് കോടതിയെ സമീപിച്ചത്. തുടർന്ന് 'കാന്താര'യിൽ നിന്നും 'വരാഹരൂപം' നീക്കം ചെയ്യാൻ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതെ തുടർന്ന് ചിത്രത്തിന്റെ ഒ.ടി.ടി പതിപ്പിൽ നിന്ന് ഗാനം നീക്കം ചെയ്ത് മറ്റൊരു ഗാനം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത് പ്രേക്ഷകർക്കിടയിൽ വലിയ നിരാശയാണ് ഉണ്ടാക്കിയത്.
തുടർന്ന് ഹൈക്കോടതിയെ ചിത്രത്തിന്റെ പ്രവർത്തർ സമീപിച്ചു. കീഴ്കോടതിയെ തന്നെ തുടർന്ന് സമീപിക്കാനായിരുന്നു ഹൈകോടതിയുടെ നിർദേശം. അങ്ങിനെയാണ് അനൂകൂലമായ വിധി ഇവർക്ക് നേടിയെടുക്കാനായത്.
ചിത്രത്തിന്റെ സംവിധായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. 16 കോടി രൂപയ്ക്ക് നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്നും 400 കോടി കളക്റ്റ് ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. കർണാടകയിലെ പരമ്പരാഗത കലയായ ഭൂത കോലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്.
'കെജിഎഫ്' നിർമ്മിച്ച ഹൊംബാലെ ഫിലിംസാണ് കാന്താരയും നിർമിച്ചത്. റിഷഭ് ഷെട്ടിയ്ക്ക് ഒപ്പം സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, പ്രകാശ് തുമിനാട് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.