തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ (ഐ.എഫ്.എഫ്.കെ) 26ാം പതിപ്പിന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടക്കം. വൈകീട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷതവഹിക്കും.
ഐ.എസ് ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന് 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരം നൽകി മുഖ്യമന്ത്രി ആദരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്‍റണി രാജു എന്നിവർ ചേർന്ന് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും.
ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ 'രഹാന'യാണ് ഉദ്ഘാടന ചിത്രം. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി 5.30ന് അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗായത്രി അശോകന്‍ ഗാനങ്ങള്‍ ആലപിക്കും. 25 വരെ നീളുന്ന മേളയിൽ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി, ന്യൂ തിയറ്ററിലെ രണ്ടു സ്ക്രീനുകള്‍, ഏരീസ് പ്ലക്സിലെ അഞ്ചു സ്ക്രീനുകള്‍, അജന്ത, ശ്രീപത്മനാഭ എന്നീ 15 തിയറ്ററുകളിലായാണ് മേള.
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും കലൈഡോസ്കോപ്പ് വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമ വിഭാഗത്തില്‍ 86 സിനിമകളാണുള്ളത്.
അഫ്ഗാനിസ്താന്‍, കുര്‍ദിസ്താന്‍, മ്യാന്‍മര്‍ എന്നീ സംഘര്‍ഷ ബാധിത മേഖലകളില്‍നിന്നുള്ള സിനിമകളുടെ പാക്കേജ് ആയ ഫ്രെയിമിങ് കോണ്‍ഫ്ലിക്റ്റ്, പോര്‍ച്ചുഗീസ് സംവിധായകന്‍ മിഗ്വില്‍ ഗോമസിന്‍റെ ചിത്രങ്ങള്‍ അടങ്ങിയ പാക്കേജ്, റെസ്റ്ററേഷന്‍ നടത്തിയ ക്ലാസിക് സിനിമകളുടെ പാക്കേജ്, ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ആയ ക്രിട്ടിക്സ് ചോയ്സ്, നെടുമുടി വേണു, കെ.പി.എ.സി ലളിത, ബുദ്ധദേവ് ദാസ് ഗുപ്ത, കെ.എസ്. സേതുമാധവന്‍, ഡെന്നിസ് ജോസഫ്, പി. ബാലചന്ദ്രന്‍, ദിലീപ് കുമാര്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍ എന്നീ അന്തരിച്ച ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ചുള്ള ഹോമേജ് വിഭാഗം എന്നിവയും മേളയിലുണ്ട്. ജി. അരവിന്ദന്‍റെ 'കുമ്മാട്ടി' എന്ന ചിത്രത്തിന്‍റെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം മേളയില്‍ നടക്കും. കന്നട സംവിധായകൻ ഗിരീഷ് കാസറവള്ളിയാണ് ജൂറി ചെയര്‍മാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.