തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റിവെച്ചു. ജൂലൈ 19 ന് രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്കാരപ്രഖ്യാപനം വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സെക്രട്ടേറിയറ്റിലെ പി. ആർ ചേമ്പറിൽ നടക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ഇത്തവണ 156 ചിത്രങ്ങളാണ് പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നത്. ത്രിതലജൂറി വിധി നിർണയമാണ്. ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ. എഴുത്തുകാരായ വി.ജെ. ജയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ് എന്നിവരാണ് അംഗങ്ങൾ. രണ്ടാംസമിതിയിൽ സംവിധായകൻ കെ.എം. മധുസൂദനനാണ് ചെയർമാൻ. നിർമാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.
ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയർമാനായ അന്തിമ ജൂറിയിൽ ഉപസമിതികളിലെ ചെയർമാൻമാരെ കൂടാതെ ഛായാഗ്രാഹകൻ ഹരിനായർ, സൗണ്ട് ഡിസൈനർ ഡി. യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് മറ്റ് ജൂറി അംഗങ്ങളൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.